ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇറാനി ട്രോഫിയില്‍ ചരിത്രം കുറിച്ചാണ് സര്‍ഫറാസ് ഖാന്‍ തിളങ്ങുന്നത്. ലഖ്‌നൗവിലെ എകാന സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ രഞ്ജി ചാമ്പ്യന്‍മാരായ മുംബൈക്ക് വേണ്ടി ഇരട്ട സെഞ്ച്വറി നേടിയാണ് സര്‍ഫറാസ് തിളങ്ങിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആദ്യ ഇന്നിങ്‌സില്‍ 537 റണ്‍സാണ് അടിച്ചുകൂട്ടിയത്. 286 പന്ത് നേരിട്ട് പുറത്താകാതെ 222 റണ്‍സ് നേടിയ സര്‍ഫറാസാണ് ടീമിനെ താങ്ങി നിര്‍ത്തിയത്.
ക്യാപ്റ്റന്‍ അജിന്‍ക്യ രാഹനെ, തനുഷ് കോട്ടിയന്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ടീമിന് തുണയായി. രഹാനെ 234 പന്തില്‍ 97 റണ്‍സ് നേടിയപ്പോള്‍ കോട്ടിയന്‍ 124 പന്തില്‍ 64 റണ്‍സും അയ്യര്‍ 84 പന്തില്‍ 57 റണ്‍സും കൂട്ടിച്ചേര്‍ത്തു.
മുംബൈക്കായി ഇരട്ട സെഞ്ച്വറി നേടിയ സര്‍ഫറാസിനെ അഭിനന്ദിക്കുകയാണ് ഇന്ത്യന്‍ ടി-20 നായകന്‍ സൂര്യകുമാര്‍ യാദവ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം സര്‍ഫറാസിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ഇതിന് പുറമെ മറ്റൊരു സ്റ്റോറിയും അദ്ദേഹം പങ്കുവെച്ചിരുന്നു. സര്‍ഫറാസ് ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന വീഡിയോ പങ്കുവെച്ച് ‘നൂറ് റണ്‍സ് സര്‍ഫറാസിന്റെയും നൂറ് റണ്‍സ് മുഷീറിന്റെയും’ എന്നാണ് സൂര്യ കുറിച്ചത്. മത്സരത്തില്‍ സര്‍ഫറാസിനൊപ്പം കളത്തിലിറങ്ങേണ്ടിയിരുന്ന മുഷീര്‍ പരിക്കിന് പിന്നാലെ പുറത്തായിരന്നു. ഇത് ഓര്‍മിപ്പിക്കുന്നതായിരുന്നു സൂര്യയുടെ സ്‌റ്റോറി.
ഇറാനി കപ്പിന് മുമ്പാണ് സര്‍ഫറാസിന്റെ സഹോദരനും മുംബൈ സൂപ്പര്‍ താരവുമായ മുഷീര്‍ ഖാന് വാഹനാപടത്തില്‍ പരിക്കേല്‍ക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ അസംഗഡില്‍ നിന്നും ലഖ്‌നൗവിലേക്ക് വരവെയാണ് മുഷീറിനും പിതാവ് നൗഷാദ് ഖാനും പരിക്കേറ്റത്.
ഇവര്‍ സഞ്ചരിച്ച കാര്‍ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ്‌വേയിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനകള്‍ക്ക് ശേഷം ഇരുവരും ആശുപത്രി വിടുകയും ചെയ്തിരുന്നു.
ഇറാനി കപ്പ് താരത്തിന് നഷ്ടമായെങ്കിലും വരാനിരിക്കുന്ന രഞ്ജി ട്രോഫിയില്‍ മുഷീര്‍ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച റെസ്റ്റ് ഓഫ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 27 പന്തില്‍ ഒമ്പത് റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. 27 പന്തില്‍ ഒമ്പത് റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
നിലവില്‍ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 90ന് ഒന്ന് എന്ന നിലയിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ. 71 പന്തില്‍ 57 റണ്‍സുമായി അഭിമന്യു ഈശ്വരനും 48 പന്തില്‍ 21 റണ്‍സുമായി സായ് സുദര്‍ശനുമാണ് ക്രീസില്‍.
Content highlight: Suryakumar Yadav applauds Sarfaraz Khan for his incredible double century in Irani Cup