| Wednesday, 3rd August 2022, 7:39 pm

'എന്റെ ഭാര്യയുടെ പേര് ഞാന്‍ നെഞ്ചില്‍ ടാറ്റു ചെയ്തിട്ടുണ്ട്, അതിന് ഒരു കാരണവുമുണ്ട്,' ഇഷാന്‍ കിഷന് മറുപടിയുമായി സൂര്യകുമാര്‍ യാദവ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ മൂന്നാം ടി-20 മത്സരം അരങ്ങേറിയത്. രണ്ടാം മത്സരത്തിലെ പരാജയത്തിന് ശേഷം വിജയിച്ച് പരമ്പരയില്‍ ആധിപത്യം നിലനിര്‍ത്തുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് ഇന്ത്യ സെന്റ് കീറ്റ്‌സിലെ മൈതാനത്തിറങ്ങിയത്.

സൂര്യകുമാര്‍ യാദവ് എന്ന വലം കയ്യന്‍ ബാറ്ററുടെ അഴിഞ്ഞാട്ടത്തിനായിരുന്നു സെന്റ് കീറ്റ്‌സിലെ വാര്‍ണര്‍ പാര്‍ക്ക് സാക്ഷ്യം വഹിച്ചത്. 44 പന്തില്‍ നിന്നും 77 റണ്‍സെടുത്താണ് താരം കളം നിറഞ്ഞാടിയത്.

സൂര്യകുമാറിന്റെ ഇന്നിങ്‌സ് തന്നെയായിരുന്നു ഇന്ത്യന്‍ ടീമിന് വിജയത്തിലേക്കുള്ള അടിത്തറയൊരുക്കിയത്. 44 പന്തില്‍ നിന്നും 77 റണ്‍സുമായി കളം വിടുമ്പോഴേക്കും ഇന്ത്യയുടെ വിജയം ഉറപ്പാക്കാന്‍ താരത്തിനായിട്ടുണ്ടായിരുന്നു.

താരങ്ങള്‍ വിദേശ പര്യടനത്തിനിടെ തങ്ങളുടെ കുടുംബത്തെ ഒപ്പം കൂട്ടുന്നത് പതിവാണ്. സൂര്യകുമാറിന്റെ ഭാര്യ ദേവിഷയും വിന്‍ഡീസ് പര്യടനത്തില്‍ താരത്തോടൊപ്പമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ സൂര്യകുമാറിന്റെ വെടിക്കെട്ട് കാണാന്‍ ദേവിഷ ഗ്രൗണ്ടിലുണ്ടായിരുന്നില്ല.

ഇതടക്കം രണ്ട് മത്സരത്തില്‍ മാത്രമാണ് സൂര്യകുമാറിനൊപ്പം ദേവിഷ ഗ്രൗണ്ടില്‍ ഇല്ലാതിരുന്നത്. ഈ രണ്ട് മത്സരത്തിലും സൂര്യകുമാര്‍ മികച്ച പ്രകടനവും കാഴ്ചവെച്ചിരുന്നു.

ഇതിന് മുമ്പ് ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു ദേവിഷ സൂര്യകുമാറിനൊപ്പം ഗ്രൗണ്ടില്‍ ഇല്ലാതിരുന്നത്. ആ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായ സൂര്യകുമാര്‍, ദേവിഷയുടെ അഭാവത്തില്‍ തന്നെയായിരുന്നു കഴിഞ്ഞ മത്സരത്തിലും ഫിഫ്റ്റി തികച്ചത്.

കഴിഞ്ഞ മത്സരത്തിന് ശേഷം ഇഷാന്‍ കിഷനുമായുള്ള ഇന്റര്‍വ്യൂവിലായിരുന്നു ഈ വിഷയം ഉന്നയിക്കപ്പെട്ടത്. ദേവിഷ ഇല്ലാത്ത മത്സരത്തില്‍ മികച്ച പ്രകടനമാണല്ലോ നടത്തുന്നത് എന്ന ഇഷാന്‍ ചോദ്യത്തിന് മറുപടി പറയുകയാണ് സ്‌കൈ.

‘ഒരു മനുഷ്യന്‍ കള്ളം പറയുമ്പോള്‍ അവന്‍ വിക്കും. ഞാനിപ്പോള്‍ കള്ളം പറയുകയല്ല. ഡഗ് ഔട്ടില്‍ പറഞ്ഞതുതന്നെ ഞാന്‍ ഇവിടെയും പറയും. പാര്‍ട്ണര്‍ ഗ്രൗണ്ടില്‍ ഉണ്ടായിരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. അവള്‍ ഗ്രൗണ്ടിലുണ്ടോ എന്നതല്ല, നിങ്ങള്‍ക്കൊപ്പമുണ്ടോ എന്നതാണ് പ്രധാനം.

അവള്‍ ഈ നാട്ടില്‍ തന്നെ ഉണ്ട്. അവളുടെ പേര് ഞാന്‍ എന്റെ നെഞ്ചില്‍ പച്ചകുത്തിയിട്ടുണ്ട്. അവള്‍ ഗ്രൗണ്ടിലുണ്ടോ ഇല്ലയോ എന്നതൊന്നും പ്രസക്തമല്ല. കാരണം അവള്‍ എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നവളാണ്. എന്നിരുന്നാലും അവള്‍ ഇവിടെ തന്നെയുണ്ട്. ആ ശക്തിയാണ് ഗ്രൗണ്ടിലേക്കെത്തുന്നത്,’ സൂര്യകുമാറിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സൂര്യകുമാറിന്റെ ഇന്നിങ്‌സിന്റെ ബലത്തിലായിരുന്നു ഇന്ത്യ കഴിഞ്ഞ ദിവസം വിജയം പിടിച്ചെടുത്തത്. ഇതോടെ അഞ്ച് മത്സരങ്ങലുടെ പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ നാലാം മത്സരം ആഗസ്റ്റ് ആറിനാണ് നടക്കുന്നത്. സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ നടക്കുന്ന ഈ മത്സരത്തില്‍ വിജയിക്കാനായാല്‍ ഏകദിന പരമ്പരയ്ക്ക് ശേഷം ടി-20 പരമ്പരയും ഇന്ത്യയ്ക്ക് നേടാനാവും.

Content Highlight: Suryakumar Yadav answered Ishan Kishan’s question about his wife

We use cookies to give you the best possible experience. Learn more