| Wednesday, 9th August 2023, 8:20 pm

അക്കാര്യത്തില്‍ ഞാന്‍ പരാജിതനാണ്... സമ്മതിക്കുന്നു; മത്സരം വിജയിപ്പിച്ചതിന് ശേഷം സൂര്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വിന്‍ഡീസ് ടി-20 പരമ്പരക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-1 എന്ന നിലയില്‍ വിന്‍ഡീസ് ലീഡ് ചെയ്യുകയാണ്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച വിന്‍ഡീസ് പരമ്പര ലക്ഷ്യമിട്ടാണ് മൂന്നാം ടി-20ക്കായി ഗയാനയിലെ പ്രൊവിഡന്‍സ് പാര്‍ക്കിലേക്കിറങ്ങിയത്. എന്നാല്‍ ബീസ്റ്റ് മോഡിലേക്ക് ഗിയര്‍ മാറ്റിയ സൂര്യകുമാര്‍ യാദവ് തങ്ങളെ കാത്തിരിക്കുന്ന കാര്യം അവരറിഞ്ഞിരുന്നില്ല.

വിന്‍ഡീസ് ഉയര്‍ത്തിയ 160 ടാര്‍ഗറ്റ് ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ഏഴ് വിക്കറ്റും 13 പന്തും ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ വിജയം. 83 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവായിരുന്നു മത്സരത്തിലെ താരം. യുവതാരം തിലക് വര്‍മ 49 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

പത്ത് ഫോറും നാല് സിക്‌സറുമടങ്ങിയതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്. മത്സരത്തില്‍ 100 ടി-20ഐ സിക്‌സര്‍ നേടാനും താരത്തിന് സാധിച്ചിരുന്നു. രോഹിത്തിന്റെ റെക്കോഡ് തകര്‍ത്ത് ഏറ്റവും വേഗത്തില്‍ 100 സിക്‌സര്‍ നേടുന്ന താരമാകാനും അദ്ദേഹത്തിന് സാധിച്ചു.

ടി-20യില്‍ ഒന്നാം റാങ്ക് താരമാണെങ്കിലും സൂര്യക്ക് ഏകദിനത്തില്‍ അത്രകണ്ട് ശോഭിക്കാന്‍ സാധിക്കാറില്ല. താരത്തെ തേടി ഒരുപാട് വിമര്‍ശനങ്ങളും ഇത് കാരണം വരാറുണ്ട്. 25നടുത്ത് ശരാശരിയില്‍ 26 മത്സരത്തില്‍ നിന്നും 511 റണ്‍സ് മാത്രമാണ് അദ്ദേഹം ഏകദിനത്തില്‍ കരസ്ഥമാക്കിയിട്ടുള്ളത്. തന്റെ ഏകദിനത്തിലെ പ്രകടനം വളരെ മോശമാണെന്നും അത് തനിക്ക് അറിയാമെന്നും തുറന്ന് സമ്മതിച്ചിരിക്കുയാണ് താരമിപ്പോള്‍.

‘സത്യസന്ധമായി പറയുകയാണെങ്കില്‍ ഏകദിന ഫോര്‍മാറ്റില്‍ എന്റെ ബാറ്റിങ്ങിലെ നമ്പറുകള്‍ വളരെ മോശം തന്നെയാണ്. അക്കാര്യം തുറന്നു സമ്മതിക്കുന്നതില്‍ എനിക്കു യാതൊരു ലജ്ജയുമില്ല. നമ്മള്‍ സത്യസന്ധതയെക്കുറിച്ച് സംസാരിക്കും, അങ്ങനെ തന്നെ ആയിരിക്കുകയും വേണം. പക്ഷെ നിങ്ങള്‍ക്കു എങ്ങനെ മെച്ചപ്പെടുത്താമെന്നതാണ് കൂടുതല്‍ പ്രധാനം,’ സൂര്യ പറഞ്ഞു.

ടി-20യില്‍ ഇന്ത്യക്ക് വേണ്ടി 49 ഇന്നിങ്സുകളില്‍ നിന്നും 45.64 ശരാശരിയോടെ 174.33 സ്ട്രൈക്ക് റേറ്റില്‍ 1780 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. മൂന്ന് സെഞ്ച്വറികളും 14 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. നിലവില്‍ ടി-20 ഫോര്‍മാറ്റില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററുമാണ് അദ്ദേഹം.

പക്ഷെ ഏകദിനത്തില്‍ സൂര്യയുടെ ഇതുവരെയുള്ള പ്രകടനം ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. 24 ഇന്നിങ്സുകളില്‍ നിന്നും 24.33 ശരാശരിയില്‍ 511 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. വെറും രണ്ട് ഫിഫ്റ്റികളാണ് ഏകദിനത്തില്‍ സൂര്യക്കുള്ളത്.

ടി-20 ഫോര്‍മാറ്റില്‍ താന്‍ ഒരുപാട് മത്സരങ്ങള്‍ കളിക്കുന്നുണ്ടെന്നും അതുമായി പൊരുത്തപ്പെട്ടെന്നും എന്നാല്‍ ഏകദിനത്തില്‍ അങ്ങനയല്ലെന്നും സൂര്യ വ്യക്തമാക്കി.

‘ടി-20 ഫോര്‍മാറ്റില്‍ ഞങ്ങള്‍ ഒരുപാട് മത്സരങ്ങളില്‍ കളിക്കുന്നു. അതുകൊണ്ട് തന്നെ ഞാന്‍ അതുമായി പൂര്‍ണമായി പൊരുത്തപ്പെട്ട് കഴിഞ്ഞു. ഏകദിന ഫോര്‍മാറ്റ് ഞാന്‍ അധികം കളിക്കാത്തതാണ്. അതിനാല്‍ തന്നെ ഇത് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന ഫോര്‍മാറ്റായി ഞാന്‍ കാണുകയും ചെയ്യുന്നു,’ താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: SuryaKumar Yadav Admits He is Failur in ODI Cricket

We use cookies to give you the best possible experience. Learn more