| Monday, 21st November 2022, 10:03 am

കോഹ്‌ലിയുടെ കൂടെ കളിക്കുമ്പോള്‍ ഒരു പ്രശ്‌നമുണ്ട്, ഞാന്‍ പിന്നെ മൂപ്പരോട് ഒരേയൊരു കാര്യമേ പറയാറുള്ളു: സൂര്യകുമാര്‍ യാദവ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ടി-20യില്‍ സ്ഫോടനാത്മകമായ ഇന്നിങ്സായിരുന്നു ഇന്ത്യയുടെ വിശ്വസ്തന്‍ സൂര്യകുമാര്‍ യാദവ് പുറത്തെടുത്തത്. 51 പന്തില്‍ നിന്നും 217.65 സ്ട്രൈക്ക് റേറ്റിലായിരുന്നു താരം 111 റണ്‍സ് നേടിയത്. ഇന്ത്യയുടെ ടി-20 സ്പെഷ്യലിസ്റ്റ് സ്‌കൈ തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും.

ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ ടി-20 മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ രണ്ടാം മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യം വെച്ചായിരുന്നു ഇരു ടീമും ബേ ഓവലില്‍ കളത്തിലിറങ്ങിയത്.

എന്നാല്‍ സൂര്യകുമാര്‍ എന്ന മലവെള്ളപ്പാച്ചിലില്‍ കിവി പക്ഷികള്‍ ഒലിച്ചു പോവുകയായിരുന്നു. 51 പന്തില്‍ നിന്നും 111 റണ്‍സുമായി ഇന്നിങ്സിനെ മുന്നില്‍ നിന്നും നയിച്ച താരത്തിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ന്യൂസിലാന്‍ഡ് നിരയില്‍ പന്തെറിഞ്ഞ താരങ്ങളെല്ലാം തന്നെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ തല്ല് വാങ്ങിക്കൂട്ടിയപ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 19ാം ഓവറില്‍ സ്‌കൈ തന്റെ മാജിക് മുഴുവന്‍ പുറത്തെടുത്തു.

19ാം ഓവറിലെ ആദ്യ പന്ത് ഫോറടിച്ച് തുടങ്ങിയ സൂര്യകുമാര്‍ യാദവ് തുടങ്ങിയത്. രണ്ടാം പന്തില്‍ റണ്‍സൊന്നും പിറന്നിരുന്നില്ല. അടുത്ത മൂന്ന് പന്തുകളില്‍ ബൗണ്ടറിയടിച്ച സൂര്യകുമാര്‍ ആറാം പന്ത് സിക്സറിന് തൂക്കിയാണ് ഓവര്‍ അവസാനിപ്പിച്ചത്.

ഇന്ത്യന്‍ ടീമിലെ മറ്റ് ബാറ്റര്‍മാരെല്ലാം നിറം മങ്ങിപ്പോയ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സൂര്യകുമാറിനെ അഭിനന്ദിച്ച് വിരാട് കോഹ്‌ലിയും എത്തിയിരുന്നു. ലോകകപ്പിന് ശേഷം ബ്രേക്ക് എടുത്തിരിക്കുന്ന കോഹ്‌ലി രസകരമായ ട്വീറ്റുമായിട്ടായിരുന്നു എത്തിയത്.

‘ഞങ്ങളുടെ ഏറ്റവും മികച്ച കളിക്കാരന്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരന്‍ താനാണെന്ന് വീണ്ടും കാണിച്ചുതരുകയാണ്. കളി ലൈവായി കാണാന്‍ പറ്റിയില്ല. പക്ഷെ ഇതൊക്കെ അവന് വെറും വീഡിയോ ഗെയിം ഇന്നിങ്‌സ് പോലെയാണ്,’ സൂര്യകുമാര്‍ യാദവിനെ ടാഗ് ചെയ്തുകൊണ്ട് കോഹ്‌ലി ട്വീറ്റ് ചെയ്തു.

ഇതിന് പിന്നാലെ ‘വീഡിയോ ഗെയിം ഇന്നിങ്‌സ്’ എന്ന പറഞ്ഞതിന്റെ കാരണം അന്വേഷിക്കുകയായിരുന്നു ആരാധകര്‍. അതിന്റെ മറുപടി സൂര്യകുമാര്‍ യാദവ് തന്നെ വൈകാതെ പറഞ്ഞു. ഒപ്പം കോഹ്‌ലിക്കൊപ്പം കളിക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘ഞങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നിച്ച് കുറച്ച് വീഡിയോ ഗെയിം കളിച്ചിരുന്നു. അവിടെയും ഞങ്ങളുടെ നല്ല പാര്‍ട്ണര്‍ഷിപ്പായിരുന്നു. എനിക്ക് അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യാന്‍ നല്ല ഇഷ്ടമാണ്. കാരണം മൊത്തത്തില്‍ രസമായിരിക്കും. പക്ഷെ ഒരേയൊരു കാര്യത്തിലാണ് പ്രശ്‌നം, മൂപ്പരുടെ കൂടെ കളിക്കുമ്പോള്‍ നമ്മള്‍ കുറെ ഓടേണ്ടി വരും(ചിരിച്ചുകൊണ്ട്). കാരണം ആള്‍ സൂപ്പര്‍ഫിറ്റാണ്.

പക്ഷെ കളിക്കുന്ന സമയത്ത് ഞങ്ങള്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നതിനെ കുറിച്ച് വലുതായൊന്നും ചര്‍ച്ച ചെയ്യാറില്ല. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നവരാണ്. എങ്ങനെ കളിക്കണമെന്ന് ഞങ്ങള്‍ ഓരോരുത്തര്‍ക്കും അറിയുകയും ചെയ്യാം.

പിന്നെ ഞാന്‍ ഒരു കാര്യം അദ്ദേഹത്തോട് പറയാറുണ്ട്. നിങ്ങള്‍ ഒരു സൈഡില്‍ ഉറച്ച് നിന്നേക്ക്, ഞാന്‍ അപ്പുറത്ത് നിന്ന് അടിച്ച് കളിച്ചേക്കാം എന്നാണ് പറയാറുള്ളത്,’ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

അതേസമയം നവംബര്‍ 22നാണ് ഇന്ത്യയുടെ അടുത്ത മത്സരം. മക്ലെറന്‍ പാര്‍ക്കിലാണ് ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലെ മൂന്നാം ടി-20 നടക്കുന്നത്.

Content Highlight: Suryakumar Yadav about playing with Kohli

Latest Stories

We use cookies to give you the best possible experience. Learn more