| Sunday, 4th September 2022, 6:11 pm

ആളുകള്‍ പടച്ചുണ്ടാക്കുന്നത് മാത്രമാണ്, അല്ലാതെ ഈ മത്സരത്തിന് പ്രത്യേകിച്ച് ഒന്നും തന്നെ ഇല്ല; ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തെ കുറിച്ച് സൂര്യകുമാര്‍ യാദവ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകക്രിക്കറ്റിലെ ഏറ്റവും വലിയ റൈവല്‍റിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഐ.സി.സി മത്സരങ്ങള്‍ക്ക് ഒരു പ്രത്യേക ആരാധകവൃന്ദം തന്നെയാണുള്ളത്.

ഏഷ്യാ കപ്പില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ആദ്യം വിജയം ഇന്ത്യക്കൊപ്പമായിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തുവിട്ടത്.

ഇരുടീമും സൂപ്പര്‍ ഫോറിലെത്തിയതിന് പിന്നാലെ ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുകയാണ്. ഞായറാഴ്ച നടക്കുന്ന മത്സരത്തിലാണ് ഇന്ത്യയും പാകിസ്ഥാനും വീണ്ടും കളത്തിലിറങ്ങുന്നത്.

ആദ്യ മത്സരത്തിലെ അതേ ഡോമിനന്‍സ് ആവര്‍ത്തിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഹോങ്കോങ്ങിനെതിരായ മത്സരവിജയത്തിന് ശേഷം തങ്ങളുടെ വിജയ പരമ്പര തന്നെയാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ഹീറോ സൂര്യകുമാര്‍ യാദവായിരുന്നു. ഡിസ്ട്രക്ടീവ് പെര്‍ഫോമന്‍സ് കാഴ്ചവെച്ച താരം സിക്‌സറുകളുടെ ആറാട്ടായിരുന്നു പുറത്തെടുത്തത്.

26 പന്തില്‍ നിന്നും 68 റണ്‍സടിച്ച യൂര്യകുമാര്‍ തന്നെയാവും ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. എന്നാല്‍ മറ്റെല്ലാ മത്സരങ്ങളെ പോലെയാണ് താന്‍ ഇന്ത്യ പാകിസ്ഥാന്‍ മത്സരങ്ങളെ നോക്കിക്കാണുന്നതെന്നും അതിനൊരു സ്‌പെഷ്യല്‍ സ്റ്റാറ്റസ് നല്‍കാന്‍ താത്പര്യമില്ലെന്നും പറഞ്ഞിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ കളിച്ചുതുടങ്ങിയ സമയം മുതല്‍ തന്നെ ഇന്ത്യ-പാകിസ്ഥാന്‍ ഗെയിമിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇത് ഏറ്റവും വലിയ റൈവല്‍റിയാണെന്ന് ആളുകള്‍ പറയുന്നു. പക്ഷേ എന്നെ സംബന്ധിച്ച് ഗ്രൗണ്ടിലേക്ക് ഒരു മത്സരം കളിക്കാന്‍ പോകുന്നു എന്നത് പോലെയാണ്.

നമ്മള്‍ മൈതാനത്തിറങ്ങുമ്പോള്‍, നമ്മളെന്താണോ ആ ഗെയിമിന് വേണ്ടി നടത്തിയിട്ടുള്ള മുന്നൊരുക്കങ്ങള്‍, അത് ഗ്രൗണ്ടില്‍ പ്രതിഫലിക്കുന്നു. അതിനാല്‍, ഞാന്‍ ഗ്രൗണ്ടില്‍ പോകുമ്പോള്‍ എല്ലാം ഒരുപോലെയാണ്.

എന്താണ് നടക്കുന്നതെന്നും പുറത്തുനിന്നുള്ള പ്രതീക്ഷകള്‍ എന്താണെന്നും ഞാന്‍ ചിന്തിക്കുന്നില്ല. അതിനാല്‍ തന്നെ ഇവിടെ തുടരാനും ഈ ഗെയിം കളിക്കാനുമാണ് ഞാന്‍ താത്പര്യപ്പെടുന്നത്,’ സൂര്യകുമാര്‍ പറയുന്നു.

ഞായറാഴ്ച നടക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ എക്‌സ് ഫാക്ടറാവാന്‍ പോകുന്ന താരങ്ങളില്‍ ഒരാളാണ് സ്‌കൈ.

Content highlight: Suryakumar Yadav about India Pakistan Match

We use cookies to give you the best possible experience. Learn more