| Tuesday, 27th August 2024, 10:42 pm

10 വര്‍ഷമായി ഞാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നു, എന്നും ഞാന്‍ ഈ ഫോര്‍മാറ്റ് ഇഷ്ടപ്പെടുന്നു: സൂര്യകുമാര്‍ യാദവ്‌

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ടെസ്റ്റ് ടീമിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി താരം ബുച്ചി ബാബു ടൂര്‍ണമെന്റിലും ദുലീപ് ട്രോഫി ടൂര്‍ണമെന്റിലും കളിക്കുമെന്ന് അറിയിച്ചിരുന്നു.

ഇന്ത്യയുടെ ടെസ്റ്റ് സീസണ്‍ തുടങ്ങാനിരിക്കവേ റെഡ് ബോളില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനു സെലക്ടര്‍മാരെ ആകര്‍ഷിപ്പിക്കാനും ആണ് സൂര്യ ഒരുങ്ങുന്നത്. ബംഗ്ലാദേശിനെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയും ശേഷം ഓസ്‌ട്രേലിയക്കെതിരെ വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള നിര്‍ണായക ടെസ്റ്റ് പരമ്പരകള്‍.

ഇതോടെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സൂര്യ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിനോടുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞു സംസാരിക്കുകയും ചെയ്തിരുന്നു. താരം അരങ്ങേറ്റം നടത്തിയത് ടെസ്റ്റില്‍ ആണെന്നും 10 വര്‍ഷമായി താന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നു എന്നും താന്‍ എപ്പോഴും ഈ ഫോര്‍മാറ്റ് ആസ്വദിക്കുന്ന ആളാണെന്നുമാണ് സൂര്യ പറഞ്ഞത്.

‘റെഡ് ബോള്‍ ക്രിക്കറ്റിനാണ് എന്റെ മുന്‍ഗണന. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയപ്പോള്‍ ചുവന്ന പന്തിലാണ് ഞാന്‍ കളിച്ചത്. അഞ്ച് ദിവസത്തെ ക്രിക്കറ്റോടുള്ള സ്‌നേഹം അന്ന് മുതല്‍ ആരംഭിച്ചതാണ്, ഞാന്‍ 10 വര്‍ഷത്തിലേറെയായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നു, ഇപ്പോഴും ഫോര്‍മാറ്റ് കളിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ ദുലീപ് ട്രോഫി കളിക്കുന്നത്,’ സൂര്യകുമാര്‍ യാദവ് സ്പോര്‍ട്സ് സ്റ്റാറിനോട് പറഞ്ഞു.

ഇന്ത്യക്കുവേണ്ടി സൂര്യകുമാര്‍ യാദവ് ഒരു ടെസ്റ്റ് മത്സരം മാത്രമാണ് കളിച്ചത്. അതില്‍ എട്ട് റണ്‍സ് നേടാനായിരുന്നു താരത്തിന് സാധിച്ചത്. എന്നാല്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ 139 മത്സരങ്ങളിലെ 126 ഇന്നിങ്‌സില്‍ നിന്നും 3627 റണ്‍സ് താരം നേടിയിട്ടുണ്ട്. 134 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. ലിസ്റ്റ് എ യില്‍ മൂന്ന് സെഞ്ച്വറികളും 21 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

Content Highlight: Suryakumar Talking About First Class Cricket

We use cookies to give you the best possible experience. Learn more