ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. ന്യൂസിലാന്‍ഡ് മുന്നോട്ട് വെച്ച 100 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. സ്‌കോര്‍ ബോര്‍ഡില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിനേയും ഇഷാന്‍ കിഷനേയും നഷ്ടമായെങ്കിലും ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് സുര്യകുമാര്‍ ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-1ന് ന്യൂസിലന്‍ഡിനൊപ്പമെത്താന്‍ ഇന്ത്യക്കായി. മത്സരത്തിന് ശേഷം വലംകയ്യന്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലുമായുള്ള സൂര്യകുമാറിന്റെ സംഭാഷണങ്ങള്‍ ശ്രദ്ധ നേടുകയാണ്. തന്നെ സൂര്യകുമാറിന്റെ ബാറ്റിങ് കോച്ചെന്നാണ് ചഹല്‍ സ്വയം വിശേഷിപ്പിക്കുന്നത്.
‘370 ഡിഗ്രിയിലും കളിക്കാന്‍ ഞാന്‍ നിന്നെ പഠിപ്പിച്ചിരുന്നില്ലേ, എന്നാല്‍ ഇത് വ്യത്യസ്തമായ വിക്കറ്റായിരുന്നല്ലോ, രഞ്ജി ട്രോഫിയില്‍ ഞാന്‍ പന്തെറിയുന്നത് നീ കണ്ടിട്ടുണ്ടോ?,’ എന്നാണ് ചഹല്‍ ചോദിക്കുന്നത്.
ചഹലിന് സൂര്യകുമാറും രസകരമായ മറുപടി നല്‍കുന്നുണ്ട്. ‘അവസാന സീരിസില്‍ നീ പഠിപ്പിച്ചുതന്നതെല്ലാം എന്റെ മനസിലുണ്ടായിരുന്നു. ബാറ്റിങ് ഇനിയും എങ്ങനെ മെച്ചപ്പെടുത്തണമെന്ന് എന്നെ പഠിപ്പിച്ചാല്‍ കൊള്ളാമായിരുന്നു. പ്രേക്ഷകരെ ശ്രദ്ധയോടെ കേള്‍ക്കൂ. ഇതൊരു തമാശയായി എടുക്കരുത്. ഞങ്ങളുടെ സഹോദരനാണ് കോച്ച്. അവനാണ് എന്നെ എല്ലാം പഠിപ്പിക്കുന്നത്,’ സൂര്യകുമാര്‍ പറഞ്ഞു. ബി.സി.സി.ഐ തന്നെയാണ് ഈ രസകരമായ നിമിഷങ്ങള്‍ ട്വീറ്റ് ചെയ്തത്.
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം മത്സരത്തില്‍ രണ്ട് ഓവര്‍ എറിഞ്ഞ ചഹല്‍ നാല് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. താരം ഒരു വിക്കറ്റ് നേടുകയും ചെയ്തിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവികളുടെ കണക്കുകൂട്ടലുകള്‍ ഒന്നാകെ പിഴക്കുന്ന കാഴ്ചയായിരുന്നു എകാന സ്റ്റേഡിയത്തില്‍ കണ്ടത്. 3.3 ഓവറില്‍ നില്‍ക്കവെ ചഹലിന്റെ കുത്തി തിരിപ്പിന് മുമ്പില്‍ ഉത്തരമില്ലാതെ ഫിന്‍ അലന്‍ വീണു. പത്ത് പന്തില്‍ നിന്നും 11 റണ്‍സായിരുന്നു അലന്റെ സമ്പാദ്യം. സ്‌കോര്‍ ബോര്‍ഡില്‍ 28 റണ്‍സ് ആയപ്പോഴേക്കും ഡെവോണ്‍ കോണ്‍വേയും 35ാം റണ്‍സില്‍ ഗ്ലെന്‍ ഫിലിപ്സും പുറത്തായി.
23 പന്തില്‍ നിന്നും 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറാണ് കിവികളുടെ ടോപ് സ്‌കോറര്‍. ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് 99 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു. ഫെബ്രുവരി ഒന്നിന് ഗുജറാത്തില്‍ വെച്ചാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.
Content Highlight: Suryakumar’s conversations with Yuzvendra Chahal are gaining attention