icc world cup
ഹര്‍ദിക്കിന് പിന്നാലെ സൂര്യയും പുറത്തേക്ക്? ന്യൂസിലാന്‍ഡിനെതിരെ കളിക്കുമോ? ആശങ്കയില്‍ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 21, 06:18 pm
Saturday, 21st October 2023, 11:48 pm

ലോകകപ്പ് ആവേശം മുറുകിയിരിക്കുകയാണ്. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ന്യൂസിലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സ്വന്തം മണ്ണില്‍ നാല് മത്സരവും വിജയിച്ച് രണ്ടാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യയും.

പക്ഷെ ഇന്ത്യ കിവീസിനെ നേരിടാനൊരുങ്ങുന്നത് ഉള്ളില്‍ ചില പേടിയോടുകൂടെത്തന്നെയാണ്. 2003ന് ശേഷം ലോകകപ്പില്‍ ഇന്ത്യക്ക് കിവീസിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. 2014 ടി ട്വന്റി ലോകകപ്പിലും 2019 ലോകകപ്പ് സെമി ഫൈനലിലും തോല്‍വിതന്നെയായിരുന്നു ഫലം. 2021ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ കിവീസിനു മുമ്പില്‍ മുട്ടുകുത്തുകയായിരുന്നു.

2023 ലോകകപ്പില്‍ കിവീസിനെതിരെയുള്ള ആദ്യ മത്സരമാണ് ഒക്ടോബര്‍ 22ന് ധര്‍മശാലയില്‍ നടക്കാനിരിക്കുന്നത്. എന്നാല്‍ മത്സരത്തിനു മുമ്പെ ഇന്ത്യക്ക് തിരിച്ചടി സംഭവിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സ്റ്റാര്‍ മുന്‍നിര ബാറ്ററായ സൂര്യകുമാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയും പരിക്ക് മൂലം മത്സരത്തില്‍ നിന്നും മാറിനില്‍ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

എച്ച്.പി.സി.എ സ്റ്റേഡിയത്തില്‍ കിവീസിനെതിരായ പരിശീലനത്തിനിടെ സൂര്യയുടെ കൈത്തണ്ടയില്‍ പരിക്ക് പറ്റിയിരിക്കുകയാണ്. ഇന്ത്യന്‍ സൈഡ് ആം ബൗളറായ രഘു രാഘവേന്ദ്രയുടെ ഒരു ഫുള്‍ടോസ് ടെലിവറി നേരിടുമ്പോളായിരുന്നു സൂര്യക്ക് പരിക്ക് പറ്റിയത്. കഠിനമായ വേദന അനുഭവിച്ച താരം ഫിസിയോകള്‍ക്കൊപ്പം ഗ്രൗണ്ടില്‍ നിന്നും പോകുകയായിരുന്നു.

ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യക്ക് കണങ്കാലിലേറ്റ പരിക്കും ഇന്ത്യയെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഇരുവരുടേയും അഭാവം ആരാധകര്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത് സൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്നാണ്. അതുകൊണ്ട് തന്നെ കിവീസിനെതിരായ മത്സരത്തില്‍ താരം കളിക്കുന്നതിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. സ്വന്തം മണ്ണില്‍ വിജയപ്രതീക്ഷയിലാണ് ഇന്ത്യ കിവീസിനെതിരെ കളിക്കളത്തിലിറങ്ങുന്നത്.

 

Content highlight: Suryakuar Yadav injures during practice session