കഴിഞ്ഞ ദിവസമാണ് ഫാസില്‍ നിര്‍മിച്ച് ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞിന്റെ ട്രെയ്ലര്‍ പുറത്ത് വന്നത്. സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര്‍ പങ്കുവെച്ച് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരം സൂര്യ.
ഫാസില്‍ സാറിനോട് എപ്പോഴും ബഹുമാനവും സ്‌നേഹവുമാണെന്നും, ഫഹദ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു എന്നുമാണ് സൂര്യ ട്വീറ്റ് ചെയ്തത്. ‘ഫാസില്‍ സാറിനോട് സ്‌നേഹവും ആദരവും. ഫഹദ്, നിങ്ങള്‍ എപ്പോഴും പുതിയ കഥകള്‍ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തികച്ചും വ്യത്യസ്തത തീര്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു’; സൂര്യ ട്വീറ്റില്‍ പറയുന്നു.
സൂര്യയും ഫഹദും അഭിനയിച്ച ലോകേഷ് കനകരാജ് ചിത്രം വിക്രം വന്‍ വിജയമായിരുന്നു. നേരത്തെ കമല്‍ഹാസനും മലയന്‍ കുഞ്ഞിന് ആശംസകളുമായി എത്തിയിരുന്നു.
‘ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്’ എന്നായിരുന്നു കമല്‍ഹാസന്റെ ട്വീറ്റ്. അതേസമയം ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണനാണ് മലയന്‍കുഞ്ഞിന്റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.
എ.ആര്‍. റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. 1992ല്‍ വന്ന യോദ്ധയാണ് ഇതിന് മുന്‍പ് റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രം. മലയന്‍കുഞ്ഞ് കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ആടുജീവിതവും റഹ്മാന്‍ ഇതിനോടകം സംഗീതം നിര്‍വഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്. ജൂലൈ 22ന് സെഞ്ച്വറി ഫിലിംസ് മലയന്‍കുഞ്ഞ് തിയേറ്ററുകളിലെത്തിക്കും.
ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Love n Respects to Faasil sir!
Fahadh you always surprise me with your stories..! Blown by the footage of this truly different attempt..! #SajimonPrabhakar #maheshnarayanan @Rajisha_Vijayan & Team! #Malayankunju with ARR sir!!! https://t.co/uAgcEBbh7B— Suriya Sivakumar (@Suriya_offl) July 16, 2022
അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: പി. കെ. ശ്രീകുമാര്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കര്‍, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈന്‍: ജയറാം രാമചന്ദ്രന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്, വാര്‍ത്താ പ്രചരണം: എം.ആര്‍. പ്രൊഫഷണല്‍.
Content Highlight : Surya tweet best wishes for Malayankunj