കൊച്ചി: വാർത്തകളെ വിൽക്കാൻ താത്പര്യം ഇല്ലാത്തതുകൊണ്ട് താൻ റിപ്പോർട്ടർ ചാനലിൽ നിന്ന് രാജി വെച്ചതായി സൂര്യ സുജി.
മുതലാളിയെ വെളുപ്പിക്കാൻ വേണ്ടി വാർത്ത ചെയ്യുന്നതിലും നല്ലത് ഈ പണി തന്നെ ഉപേക്ഷിച്ചു പോരുന്നതാണെന്ന് തോന്നിയത് കൊണ്ട് താൻ ചാനലിൽ നിന്ന് ഇറങ്ങിയതായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സൂര്യ സുജി പറയുന്നു.
രാജിക്കത്തും അവർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
മീഡിയ വൺ റിപ്പോർട്ടറോട് അപമര്യാദയോടെ പെരുമാറിയ നടനും എം.പിയുമായ സുരേഷ് ഗോപിയോട് കേസിനെക്കുറിച്ച് ചോദ്യം ചോദിച്ചതിന് സൂര്യ സുജിയോട് നടൻ കയർക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
എന്നാൽ സുരേഷ് ഗോപിയുടെ വിഷയത്തിനുശേഷം റിപ്പോർട്ടർ അധികാരികൾ തന്നോട് മോശമായ രീതിയിലാണ് പെരുമാറിയതെന്നും ഇടതുപക്ഷ അനുഭാവികളെയും സംഘപരിവാറിനെതിരെ ശബ്ദമുയർത്തുന്നവരെയും അവർക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും സൂര്യ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
‘മുതലാളിമാർക്ക് വേണ്ടത് വായടക്കി അവരെ വെളുപ്പിക്കാൻ വേണ്ടി മാത്രം വാർത്ത ചെയ്യുന്ന തൊഴിലാളികളെയാണ്.
സംഘപരിവാർ രാഷ്ട്രീയമല്ലാത്തത് എന്തും അവർക്ക് വെറുപ്പാണ്.
പല വിഗ്രഹങ്ങളും ഉടഞ്ഞു പോയി,
അത് നല്ലതിന്.
രാത്രി 7 മണി മീറ്റിങ്ങിന് മരം മുറി മുതലാളി കയറി ഇരുന്ന് അനുഭവ സമ്പത്തുള്ള റിപ്പോർട്ടർമാരെ തെറി വിളിക്കും.
അടുത്തദിവസം ഒന്നും സംഭവിച്ചില്ലാതെ രീതിയിൽ റിപ്പോർട്ടർമാർ എല്ലാവരും മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടും.
24 എന്ന ചാനലിന്റെ മൈക്ക് പിടിച്ചു എന്നതിന്റെ പേരിൽ മാത്രം കൊല്ലത്തുണ്ടായ ഡ്രൈവറെ രാജിവെപ്പിച്ച പാരമ്പര്യമുണ്ട് ഈ സ്ഥാപനത്തിന്.
പട്ടിയെപ്പോലെ പണിയെടുപ്പിച്ച് പണിയെടുക്കുന്നില്ല എന്ന് പറഞ്ഞു നാല് റിപ്പോർട്ടർമാരെ പറഞ്ഞു വിട്ടതിന്റെ പാരമ്പര്യവുമുണ്ട്.
അങ്ങനെ ഒരുപാടുണ്ട്, മാധ്യമപ്രവർത്തകരെ വിലക്കെടുത്ത് നടത്തുന്ന ഒരു സ്ഥാപനം.
ഇപ്പോഴെങ്കിലും ഇവിടെ നിന്ന് ഇറങ്ങാൻ പറ്റിയതിൽ സന്തോഷം,’ സൂര്യ സുജി കുറിപ്പിൽ പറഞ്ഞു.
താൻ ഇത്രയും കാലം കമ്പനിക്ക് വേണ്ടി മാത്രമാണ് പ്രവർത്തിച്ചതെന്നും തനിക്ക് അതിലും കൂടുതൽ ചെയ്യാൻ കഴിയുമെന്നും സൂര്യ സുജിയുടെ രാജിക്കത്തിൽ പറയുന്നുണ്ട്.
തനിക്കുണ്ടായ കയ്പ്പേറിയ അനുഭവങ്ങൾക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
Content highlight: Surya Suchi Resigns from Reporter TV accuses channel owners