ആര്യ രാജേന്ദ്രനും ഷൈലജ ടീച്ചറും സ്ത്രീകള്‍ക്ക് പുതിയൊരു പാത തുറന്നു: സൂര്യ
Film News
ആര്യ രാജേന്ദ്രനും ഷൈലജ ടീച്ചറും സ്ത്രീകള്‍ക്ക് പുതിയൊരു പാത തുറന്നു: സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th March 2022, 6:33 pm

ആര്യ രാജേന്ദ്രനും ഷൈലജ ടീച്ചറും നല്ല വഴികാട്ടികളാണെന്ന് നടന്‍ സൂര്യ. സ്ത്രീകളെ കൊണ്ട് എന്ത് വേണേലും സാധിക്കുമെന്ന് അവര്‍ തെളിച്ചെന്നും സൂര്യ പറഞ്ഞു. പുതിയ ചിത്രം ഇ.റ്റിയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂര്യ.

‘ആര്യ രാജേന്ദ്രനും ഷൈലജ ടീച്ചറും സ്ത്രീകള്‍ക്ക് പുതിയൊരു പാത തുറന്നു. സ്ത്രീകളെ കൊണ്ടും എന്ത് വേണേലും സാധിക്കുമെന്നും ലോകം നമ്മുടെ പിന്നിലുണ്ടെന്നും അവരുടെ പ്രവര്‍ത്തികള്‍ കൊണ്ട് അവര്‍ തെളിയിച്ചു. ഇവടുത്തെ ജനങ്ങളും അവരെ പിന്തണയ്ക്കുന്നു.

വനിതാ ദിനത്തില്‍ തന്നെ ഇങ്ങനെയൊരു സ്ഥലത്ത് വന്ന് നിങ്ങളെയെല്ലാം കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. മറ്റുള്ളവര്‍ക്ക് നിങ്ങള്‍ വലിയ വഴികാട്ടികളാണ്. സിനിമയിലായാലും സമൂഹത്തിലായാലും നിങ്ങള്‍ ഒരു പടി മുന്നിലാണ്,’ സൂര്യ പറഞ്ഞു.

‘കേരളത്തിലെ കുട്ടികളോട് ചോദിച്ചാല്‍ മലര്‍ ടീച്ചറെയാണ് ഇഷ്ടമെന്ന് പറയും. എന്നോട് ചോദിച്ചാല്‍ ഞാന്‍ ഷൈലജ ടീച്ചര്‍ എന്ന് പറയും. ജയ് ഭീം കണ്ടിട്ട് ഷൈലജ ടീച്ചര്‍ വിളിച്ചിരുന്നു. സിനിമയുടെ ടീമിനെ അഭിനന്ദിച്ചു. സൂപ്പര്‍ സ്റ്റാറിനെ പോലെ ബഹുമാനത്തോടെ കാണുന്ന വ്യക്തിയാണ് ഷൈലജ ടീച്ചര്‍. അവര്‍ വിളിച്ചത് നല്ല സിനിമകള്‍ ചെയ്യാന്‍ ഒരു പ്രചോദനമാണ്,’ സൂര്യ കൂട്ടിച്ചേര്‍ത്തു.

നടി അക്രമിക്കപ്പെട്ട കേസിലും അദ്ദേഹം അഭിപ്രായം പറഞ്ഞു. ‘ഇങ്ങനെയൊന്ന് നടക്കാന്‍ പാടില്ലാത്തതാണ്. കേസിന്റെ എല്ലാ വിശദാംശങ്ങളും എനിക്കറിയില്ല. അതുകൊണ്ട് കൂടുതല്‍ വിശദീകരിച്ച് പറയാന്‍ സാധിക്കില്ല. നമ്മുടെ സമൂഹത്തില്‍ ഒരു സ്ത്രീക്ക് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഈ ആധുനിക സമൂഹത്തില്‍ ഇങ്ങനെയൊന്ന് നടക്കാന്‍ പാടില്ലാത്തതാണ്. നടക്കാതെ നമ്മള്‍ നോക്കണം,’ അദ്ദേഹം പറഞ്ഞു.

അതേസമയം മാര്‍ച്ച് 10നാണ് സൂര്യയുടെ ഇ.റ്റി തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം എത്തുന്നത്. സൂര്യയുടെ നാല്‍പതാമത്തെ ചിത്രമാണ് എതിര്‍ക്കും തുനിന്തവന്‍.


Content Highlight:  Surya says Arya Rajendran and Shailaja Teacher open a new path for women