തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. മണിരത്‌നം നിര്‍മിച്ച നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച സൂര്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത് ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രമാണ്. അതുവരെ അഭിനയത്തിന്റെ പേരില്‍ സൂര്യയെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു നന്ദയിലെ പ്രകടനം. ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയില്‍ സൂര്യയും ഇടം പിടിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം സ്റ്റാര്‍ഡവും കൊണ്ടുപോകാന്‍ കഴിയുന്ന ചുരുക്കം നടന്മാരില്‍ ഒരാളാണ് സൂര്യ.
തമിഴ്‌നാട് കഴിഞ്ഞാല്‍ സൂര്യക്ക് ഏറ്റവുമധികം ആരാധകരുള്ള സംസ്ഥാനങ്ങളാണ് ആന്ധ്ര-തെലങ്കാന. താരത്തിന്റെ ചിത്രങ്ങള്‍ക്ക് ഇവിടെ കിട്ടുന്ന സ്വീകാര്യത മറ്റുള്ള തമിഴ് നടന്മാര്‍ക്ക് സ്വപ്‌നം മാത്രമാണ്. സിങ്കം 3 ആന്ധ്രയില്‍ നിന്ന് നേടിയ ഫസ്റ്റ് ഡേ കളക്ഷന്‍ ഈയടുത്താണ് മറ്റൊരു നടന്‍ മറികടന്നത്. തെലുങ്കിലെ ആളുകള്‍ തനിക്ക് തരുന്ന സ്വീകരണം വളരെയധികം ആനന്ദമുളവാക്കുന്നതാണെന്ന് പറയുകയാണ് സൂര്യ. ഈയടുത്ത് ‘സൂര്യ തെലുങ്ക് നടന്‍ അല്ലെന്നോ’ എന്ന ഒരു മീം കണ്ടെന്നും അത് തനിക്ക് സന്തോഷം നല്‍കിയെന്നും സൂര്യ പറഞ്ഞു.
രണ്ട് വര്‍ഷമായി തനിക്ക് തിയേറ്റര്‍ റിലീസൊന്നും ഇല്ലെന്നും വാരണം ആയിരത്തിന്റെ തെലുങ്ക് പതിപ്പായ സൂര്യ സണ്‍ ഓഫ് കൃഷ്ണന് ആന്ധ്രയില്‍ ലഭിച്ച സ്വീകരണം കണ്ട് തന്റെ കണ്ണ് നിറഞ്ഞെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. തെലുങ്കിലെ ഒരു നടനെപ്പോലെ തന്നെയും ഇന്നാട്ടുകാര്‍ പരിഗണിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സൂര്യ പറഞ്ഞു. പുതിയ ചിത്രമായ കങ്കുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.
‘ഈയടുത്ത് ഒരു തെലുങ്ക് മീം ഞാന്‍ കണ്ടിരുന്നു. അതില്‍ പറയുന്നത് ഇങ്ങനെയാണ്, ‘എന്ത്? സൂര്യ തെലുങ്ക് നടന്‍ അല്ലെന്നോ?’ എന്നുള്ള ഒരു ചോദ്യവും അതിന് താഴെ കരയുന്ന ഒരു ഇമോജിയും. കഴിഞ്ഞ 21 വര്‍ഷമായി ഇന്നാട്ടുകാര്‍ എനിക്ക് തരുന്ന സ്‌നേഹം എത്രമാത്രമാണെന്ന് ആ ഒരൊറ്റ മീമിലൂടെ മനസിലായി. എനിക്ക് ഒരുപാട് സന്തോഷം തന്ന മൊമന്റുകളിലൊന്നാണ് അത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി എന്റെ ഒരൊറ്റ സിനിമ പോലും തിയേറ്റര്‍ റിലീസ് ചെയ്തിട്ടില്ലെന്നറിയാം. എന്നിരുന്നാലും വാരണം ആയിരത്തിന്റെ തെലുങ്ക് വേര്‍ഷന്‍ സൂര്യ സണ്‍ ഓഫ് കൃഷ്ണന്റെ റീ റിലീസ് നിങ്ങള്‍ ആഘോഷിച്ചത് കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ എന്റെ കണ്ണ് നിറഞ്ഞു. ഇവിടെയുള്ള നടന്മാരപ്പോലെ എന്നെയും നിങ്ങള്‍ പരിഗണിക്കുന്നത് കാണുമ്പോള്‍ സന്തോഷം മാത്രം,’ സൂര്യ പറയുന്നു.
Content Highlight: Surya saying that he wondered the audience reception for Vaaran Aayiram Telegu version’s re release