തെന്നിന്ത്യയിലെ സൂപ്പര്‍ താരം സൂര്യയുടെ നാല്‍പ്പത്തി അഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു. എല്‍.കെ.ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത എല്‍.കെ. ബാലാജിയാണ് ചിത്രത്തിന്റെ സംവിധാനം. സൂര്യ 45ന് വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത് എ.ആര്‍. റഹ്‌മാനാണ്.
സൂര്യയും റഹ്‌മാനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായിരിക്കും ഇത്. സില്ലിന് ഒരു കാതല്‍, ആയുധ എഴുത്ത്, 24 തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചിട്ടുണ്ട്. എ.ആര്‍. റഹ്‌മാനോട് ബാലാജി ചിത്രത്തിന്റെ കഥ പറഞ്ഞിരുന്നെന്നും സൂര്യ നായകനാകുന്ന പുതിയ ചിത്രത്തില്‍ അദ്ദേഹം സംഗീതം ഒരുക്കാന്‍ സാധ്യതയുണ്ടെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പുറകെയാണ് ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.
ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ആണ് സൂര്യ 45ന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ സൂര്യ ചിത്രം ഡ്രീം വാരിയര്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമാണ്. ഡ്രീം വാര്യര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ്.ആര്‍. പ്രകാശ്ബാബു, എസ്.ആര്‍. പ്രഭു എന്നിവരായിരിക്കും ചിത്രം നിര്‍മിക്കുക. ആക്ഷന്‍, അഡ്വെഞ്ചര്‍ ഴോണറിലാണ് സിനിമ ഒരുക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സൂര്യ 45ന്റെ പ്രീ-പ്രൊഡക്ഷന്‍ തിരക്കിലാണ് ഇപ്പോള്‍ സംവിധായകന്‍. ഈ വര്‍ഷം നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണെന്ന് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. സൂര്യയോടൊപ്പം ഒരുപിടി മികച്ച അഭിനേതാക്കളും ചിത്രത്തിന് വേണ്ടി ഒന്നിക്കും.
Content Highlight: Surya’s 45th Movie official Announcement