IPL
ഹൃദയം തകര്‍ന്നു; ക്യാപ്റ്റന്‍സിയിലെ മാറ്റത്തില്‍ പ്രതികരിച്ച് സൂര്യ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Dec 16, 09:04 am
Saturday, 16th December 2023, 2:34 pm

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിയില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ നാടകീയമായ സംഭവങ്ങളാണ് നടക്കുന്നത്. 2013 മുതല്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്നും മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയെ തെരഞ്ഞെടുക്കുകയായിരുന്നു. റിക്കി പോണ്ടിങ്ങിന്റെ നേതൃത്വത്തില്‍ ഐ.പി.എല്‍ കിരീടം കിട്ടാക്കനി ആയ സമയത്താണ് രോഹിത്തിന്റെ വരവ്. ശേഷം നായക സ്ഥാനത്തുനിന്ന് അഞ്ച് ഐ.പി.എല്‍ കിരീടമാണ് രോഹിത് ടീമിന് നേടിക്കൊടുത്തത്.

എന്നാല്‍ 2024ല്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ താര ലേലത്തിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് വമ്പന്‍ തുകയ്ക്ക് ട്രേഡ് ചെയ്തിരുന്നു. തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റന്‍ പദവിയില്‍ പാണ്ഡ്യ എത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത് എന്നാല്‍ പ്രതീക്ഷകള്‍ക്കും മുകളില്‍ രോഹിത്തില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനം പാണ്ഡ്യക്ക് നല്‍കുകയായിരുന്നു.

ഈ നീക്കത്തില്‍ വമ്പന്‍ പ്രതിഷേധങ്ങളാണ് ആരാധകരില്‍ നിന്നും മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ നിന്നും എം.ഐ ടീം നേരിടുന്നത്. ഒരു മണിക്കൂറിനിടയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെയാണ് ടീമിന് നഷ്ടമായത്. ഈ നീക്കത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിക്കുകയായിരുന്നു എം.ഐ താരം സൂര്യകുമാര്‍ യാദവ്.

രോഹിത്തിനെ മാറ്റിയതില്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഹൃദയം തകര്‍ന്ന ഒരു ഇമോജി പങ്കുവെച്ചാണ് അഭിപ്രായം അറിയിച്ചത്.

 

ടി-ട്വന്റി ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിനും തന്റെ ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിനും വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ടീമില്‍ രോഹിത്തിന്റെ പിന്തുണയെ കുറിച്ചും സംഭാവനകളെക്കുറിച്ചും താരം പലപ്പോഴും എടുത്തു പറഞ്ഞിട്ടുണ്ട്.

2023 ഏകദിന ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയയും ആയിട്ടുള്ള ടി-ട്വന്റി പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സില്‍ ഇന്ത്യ മികച്ച വിജയം കൈവരിച്ചിരുന്നു. തുടര്‍ന്ന് സൗത്ത് ആഫ്രിക്കക്കെതിരായ ടി-ട്വന്റിയില്‍ സമനിലയും സ്വന്തമാക്കിയിരുന്നു. പരമ്പരയില്‍ മികച്ച സെഞ്ച്വറി പ്രകടനമാണ് സൂര്യ കാഴ്ചവെച്ചത്.

Content Highlight: Surya reacts to the change in captaincy