| Wednesday, 26th June 2019, 8:51 am

ഇത്രയും ഭീകരനാണ് പ്ലാസ്റ്റിക്; പ്ലാസ്റ്റിക് നിരോധനത്തിനോടനുബന്ധിച്ച് സൂര്യ അഭിനയിച്ച പരസ്യചിത്രം ശ്രദ്ധേയമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്നാട്ടില്‍ പ്ലാസ്റ്റിക് നിരോധനത്തിനോടനുബന്ധിച്ച് നടന്‍ സൂര്യ അഭിനയിച്ച പരസ്യചിത്രം ശ്രദ്ധേയമാകുന്നു. ബോധവത്കരണത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തമിഴ്‌നാട് സര്‍ക്കാരിനായി സൂര്യ നിര്‍മ്മിച്ചതാണ് പരസ്യം.

ക്ലാസ് മുറിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പ്ലാസ്റ്റിക്കിന്റെ ദോഷഫലങ്ങളെക്കുറിച്ച് സൂര്യ വിശദീകരിക്കുന്ന രീതിയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. ഹരിഷ് റാമാണ് സംവിധാനം.

പ്ലാസ്റ്റിക് മാലിന്യം മണ്ണിലെളുപ്പം അഴുകി ചേരില്ല. മണ്ണിനെ മലിനപ്പെടുത്തുകയും വെള്ളം ഒഴുകിപ്പോകുന്നത് തടസ്സപ്പെടുത്തുകയും ചെയ്യും. മണ്ണിലെ പോഷകാംശത്തെ നശിപ്പിക്കും. മഴവെള്ളത്തിന്റെ ഒഴുകിപ്പോക്ക് തടസ്സപ്പെടുത്തുന്നതിനൊപ്പം അഴുക്കുചാലിലും തടസ്സമുണ്ടാക്കുമെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു. വെള്ളത്തില്‍ പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്നതു മൂലം കൊതുകുകള്‍പെരുകും. പല വിധ രോഗങ്ങള്‍ പടരും. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതുമൂലം അന്തരിക്ഷമലിനീകരണമുണ്ടാകും. പ്ലാസ്റ്റിക് ഭക്ഷിക്കുന്നതുമൂലം ജന്തുജാലങ്ങളെയും പ്രതികൂലമായി ബാധിക്കും തുടങ്ങിയ കാര്യങ്ങളെല്ലാം പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഈ വര്‍ഷം മുതല്‍ തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നിരുന്നു. ഇതിന്റെ ഭാഗമായുള്ള ബോധവത്കരണത്തിനായി സിനിമാതാരങ്ങളായ സൂര്യ, കാര്‍ത്തി, ജ്യോതിക, വിവേക് എന്നിവരെ ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയമിക്കുകയും ചെയ്തിരുന്നു.

2002-ല്‍ത്തന്നെ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനത്തിനുള്ള നിയമം കൊണ്ടു വന്നിരുന്നുവെങ്കിലും ഉത്പാദകരില്‍ നിന്നുള്ള എതിര്‍പ്പുകള്‍ കാരണം നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല.

We use cookies to give you the best possible experience. Learn more