അമ്പമ്പോ ഇത് വേറെ ലെവല്‍, സൂര്യയുടെ പുതിയ ലുക്ക് ആഘോഷമാക്കി സോഷ്യല്‍ മീഡിയ
Entertainment
അമ്പമ്പോ ഇത് വേറെ ലെവല്‍, സൂര്യയുടെ പുതിയ ലുക്ക് ആഘോഷമാക്കി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st February 2024, 12:03 pm

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. 1997ല്‍ മണിരത്‌നം നിര്‍മിച്ച നേരുക്കു നേര്‍ എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച് ഇന്ന് പാന്‍ ഇന്ത്യന്‍ സിനിമകളിലൂടെ തമിഴ് സിനിമയുടെ യശസ്സുയര്‍ത്തിപ്പിടിച്ച സൂര്യ, 2020ല്‍ പുറത്തിറങ്ങിയ സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടി. അണ്ണാത്തെയ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന കങ്കുവായാണ് സൂര്യയുടെ പുതിയ ചിത്രം. സിനിമയുടെ പോസ്റ്ററുകള്‍ക്കും ഗ്ലിമ്പ്‌സിനും സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

700 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന കങ്കുവന്‍ എന്ന പോരാളിയുടെ കഥയാണ് സിനിമ പറയുന്നത്. രണ്ട് റോളിലാണ് താരം സിനിമയില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പഴയകാല ഗെറ്റപ്പുള്ള പോസ്റ്ററും പൊങ്കല്‍ പ്രമാണിച്ച് കഴിഞ്ഞ മാസം പുറത്തുവിട്ട പോസ്റ്ററും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മോഡേണ്‍ ഗെറ്റപ്പിലുള്ള പോസ്റ്ററിന്റെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ അണിയറക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

Image

കൈയില്‍ ടാറ്റുവും, കളര്‍ ചെയ്ത മുടിയുമൊക്കെയായി സ്‌റ്റൈലിഷ് ലുക്കിലാണ് സൂര്യ. പുതിയ ഗെറ്റപ്പിലുള്ള കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കങ്കുവ. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് സൂപ്പര്‍താരം ബോബി ഡിയോളാണ്. ബോളിവുഡില്‍ നിന്നുള്ള ദിശാ പട്ടാനിയാണ് ചിത്രത്തിലെ നായിക. ഇരുവരുടെയും ആദ്യ തമിഴ് സിനിമയാണ് കങ്കുവ. ജഗപതി ബാബു, നടരാജ സുബ്രഹ്‌മണ്യന്‍ (നട്ടി), യോഗി ബാബു, റെഡിന്‍ കിങ്‌സ്‌ലി എന്നിവരാണ് മറ്റ് താരങ്ങള്‍.

മദന്‍ കര്‍ക്കിയും ആദി നാരായണയും ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവിം വെട്രി പളനിസാമി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങി 10 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ത്രീഡിയിലാണ് സിനിമയുടെ ചിത്രീകരണം. സ്റ്റുഡിയോ ഗ്രീന്‍, യു.വി ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മിക്കുന്നത്. 2024 ഏപ്രിലില്‍ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നങ്കെിലും പിന്നീട് റിലീസ് മാറ്റി വെച്ചു. പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

Content Highlight:  Surya new pic trending on social media