|

ക്ലാസിന് ശേഷം മാസാവാന്‍ സൂര്യ 'എതര്‍ക്കും തുനിന്തവന്‍' ഫെബ്രുവരി 4ന് തിയേറ്ററുകളില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂര്യയെ നായകനാക്കി പാണ്ടിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘എതര്‍ക്കും തുനിന്തവന്‍’. ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ഫെബ്രുവരി 4നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

റിലീസ് പ്രഖ്യാപനത്തിന്റെ ഭാഗമായി പ്രൊമോ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷം തിയറ്ററുകളിലെത്തുന്ന സൂര്യയുടെ സിനിമയാണ് ‘എതര്‍ക്കും തുനിന്തവന്‍’. അവസാനമായി സൂര്യയുടേതായി പുറത്തിറങ്ങി ചിത്രങ്ങളായ ‘സൂറാരറൈ പൊട്രു’, ‘ജയ് ഭീം’ എന്നിവയൊക്കെ ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്.

പസങ്ക’, ‘ഇത് നമ്മ ആള്’, ‘നമ്മ വീട്ടു പിള്ളൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പാണ്ടിരാജ്. പ്രിയങ്ക മോഹന്‍ ആണ് ചിത്രത്തിലെ നായികയായെത്തുന്നത്.

സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഡി. ഇമ്മന്‍ ആണ്.

ടി.ജെ ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങിയ ജയ് ഭീമായിരുന്നു സൂര്യയുടെ അവസാന ചിത്രം. മികച്ച പ്രതികരണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ സിനിമയെ തുടര്‍ന്ന് ചില വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. വിവാദങ്ങള്‍ക്കിടയിലും ചിത്രം ഐ.എം.ഡി.ബി റേറ്റിംഗില്‍ ഒന്നാമതെത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹോളിവുഡ് ചിത്രം ഷോഷാങ്ക് റിഡംപ്ഷനെ പിന്തള്ളിയാണ് സിനിമ ഒന്നാം സ്ഥാനത്തെത്തിയത്.

ടോം റോബിന്‍സും മോര്‍ഗന്‍ ഫ്രീമാനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഷോഷാങ്ക് റിഡംപ്ഷന്‍ ഐ.എം.ഡി.ബിയില്‍ 9.3 റേറ്റിങ്ങാണ് നേടിയിരുന്നത്. 9.6 റേറ്റിങ്ങ് നേടിയാണ് ജയ് ഭീം ഒന്നാമതെത്തിയത്.

199395 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഹൈക്കോടതി ജഡ്ജിയായി റിട്ടേയ്ഡ് ചെയ്ത ജസ്റ്റിസ് ചന്ദ്രു എഴുതിയ Listen to my Case എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

സൂര്യയുടെ കരിയറിലെ 39ാം ചിത്രമാണ് ജയ് ഭീം. ചിത്രത്തില്‍ അഭിഭാഷകനായ ചന്ദ്രുവിന്റെ റോള്‍ ആണ് സൂര്യ അവതരിപ്പിക്കുന്നത്.

മണികണ്ഠനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രകാശ് രാജ്, ലിജോമോള്‍, രജിഷ വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Surya New Movie releasing date announced