| Tuesday, 13th February 2024, 4:44 pm

രാജസ്ഥാനിലെ സ്കൂളുകളിൽ സൂര്യനമസ്കാരം നിർബന്ധമാക്കി സർക്കാർ; ഉത്തരവിനെതിരെ മുസ്‌ലിം സംഘടന ഹൈക്കോടതിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂർ: സ്കൂളുകളിൽ സൂര്യനമസ്കാരം നിർബന്ധമാക്കിയ രാജസ്ഥാൻ സർക്കാരിന്റെ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി ജംഇയ്യത് ഉലമ ഇ ഹിന്ദ് രാജസ്ഥാൻ ഹൈക്കോടതിയിൽ.

സൂര്യ സപ്തമി ദിവസമായ ഫെബ്രുവരി 15ന് രാജസ്ഥാനിലെ മുഴുവൻ സ്കൂളുകളിലും സൂര്യനമസ്കാരം നിർബന്ധമാക്കിക്കൊണ്ട് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ ഉത്തരവിറക്കിയിരുന്നു.

ഇത് മത സ്വാതന്ത്ര്യതിന്മേലുള്ള കടന്നുകയറ്റമാണെന്ന് സംസ്ഥാനത്തെ മുസ്‌ലിം സംഘടനകൾ ആരോപിച്ചിരുന്നു.

അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നത് ഇസ്‌ലാമിൽ നിഷിദ്ധമാണെന്നാണ് മുസ്‌ലിം മത സംഘടനകൾ പറയുന്നത്.

തുടർന്ന് ഫെബ്രുവരി 12ന് ജംഇയ്യത് ഉലമയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് മറ്റ് സംഘടനകളുമായി യോഗം ചേർന്ന് ഫെബ്രുവരി 15ന് മുസ്‌ലിം വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് അയക്കില്ലെന്ന് തീരുമാനിച്ചിരുന്നു.

‘ഫെബ്രുവരി 15ന് ഒരു മുസ്‌ലിം കുട്ടിയും സ്കൂളിൽ പോകില്ല. ഈ തീരുമാനം രാജസ്ഥാനിലെ മുഴുവൻ പള്ളികൾ വഴിയും അറിയിക്കും. സംസ്ഥാന സർക്കാർ ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിൽ വിള്ളൽ സൃഷ്ടിക്കുകയാണ്,’ രാജസ്ഥാനിലെ ജംഇയ്യത് ഉലമയുടെ ജനറൽ സെക്രട്ടറി മൗലാന അബ്ദുൽ വാഹിദ് ഖത്രി പറഞ്ഞു.

യോഗ പോലെയുള്ള കാര്യങ്ങളിലെ ചർച്ചകളിൽ മുസ്‌ലിം സമുദായത്തെയും ഉൾപ്പെടുത്തണമെന്നും അത്തരം ചർച്ചകൾ വിവാദങ്ങൾ ഒഴിവാക്കാനും മത സൗഹാർദ്ദം നിലനിർത്താനും സഹായിക്കുമെന്നും സംഘടന പറയുന്നു.

വിഷയത്തിൽ ഫെബ്രുവരി 14ന് രാജസ്ഥാൻ ഹൈക്കോടതി വാദം കേൾക്കും.

Content Highlight: Surya Namaskar compulsory in Rajasthan schools from Feb 15, Muslims org object

We use cookies to give you the best possible experience. Learn more