| Friday, 1st April 2022, 1:24 pm

സഞ്ജുവിനും രാജസ്ഥാനും നെഞ്ചിടിപ്പേറുന്നു; മുംബൈയ്ക്കായി സൂപ്പര്‍ സ്റ്റാര്‍ കളത്തിലിറങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് മുന്നോടിയായി മുംബൈ ആരാധകരുടെ ആവേശം വാനോളമുയര്‍ത്തി സ്റ്റാര്‍ട്ടിംഗ് ഇലവനിലേക്ക് വെടിക്കെട്ട് ബാറ്റര്‍ എത്തുന്നു. മുംബൈയുടെ ആദ്യ മത്സരത്തില്‍ ടീമില്‍ ഇടം നേടാതിരുന്ന സൂര്യകുമാര്‍ യാദവാണ് (Surya Kumar Yadav) ഇപ്പോള്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്.

പരിക്കിനെ തുടര്‍ന്നായിരുന്നു സൂര്യകുമാര്‍ യാദവിന് ആദ്യ മത്സരത്തില്‍ ഇടം ലഭിക്കാതെ പോയത്. എന്നാലിപ്പോള്‍ പരിക്ക് മാറി പൂര്‍ണ ആരോഗ്യവാനായാണ് താരം എത്തിയിരിക്കുന്നത്.

നിര്‍ബന്ധിത ക്വാറന്റൈന്‍ കാലാവധിയും അവസാനിച്ചതോടെ ആരാധകര്‍ സ്‌നേഹപൂര്‍വം സ്‌കൈ (SKY) എന്നു വിളിക്കുന്ന താരം ടീമിനൊപ്പം ഉണ്ടാവും എന്ന് ഉറപ്പായിരിക്കുകയാണ്.

ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെയാണ് മുംബൈ കളത്തിലിറങ്ങുന്നത്. സൂര്യകുമാര്‍ കൂടി ടീമിനൊപ്പം ചേര്‍ന്നതോടെ ടീം ഡബിള്‍ സ്‌ട്രോംഗായിരിക്കുകയാണ്.

ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേര്‍ന്ന സൂര്യകുമാര്‍ യാദവ് ടീമംഗങ്ങള്‍ക്കൊപ്പം ജിമ്മില്‍ ട്രെയിനിംഗ് നടത്തി. സൂപ്പര്‍ താരങ്ങളായ ഇഷാന്‍ കിഷന്‍, ജസ്പ്രിത് ബുംറ എന്നിവര്‍ക്കൊപ്പമായിരുന്നു സൂര്യ ജിമ്മില്‍ സമയം ചെലവഴിച്ചത്.

കഴിഞ്ഞ മാസം വെസ്റ്റ് ഇന്‍ഡീസിനെതിരെ നാട്ടില്‍ വെച്ചു നടന്ന പരമ്പരക്കിടെയായിരുന്നു സൂര്യകുമാര്‍ യാദവിന് പരിക്കേറ്റത്.

വിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ റീഹാബിലിറ്റേഷനില്‍ കഴിയുകയായിരുന്ന താരത്തിന് ഈ സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേരാനായിരുന്നില്ല.

സൂര്യകുമാറും ടീമിലെത്തുന്നതോടെ ബാറ്റിംഗില്‍ മുംബൈയ്ക്ക് പൂര്‍ണമായും താളം കണ്ടെത്താനാവും എന്നാണ് കരുതുന്നത്. ഉജ്ജ്വല ഫോമില്‍ തുടരുന്ന താരം ഐ.പി.എല്ലിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരില്‍ ഒരാള്‍ കൂടിയാണ്.

എന്നാല്‍, സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നതോടെ തലവേദന കൂടിയിരിക്കുന്നത് സഞ്ജുവിനും രാജസ്ഥാനും തന്നെയാണ്. സൂര്യകുമാറിനെതിരെ കൃത്യമായ തന്ത്രങ്ങള്‍ മെനഞ്ഞില്ലെങ്കില്‍ കളി രാജസ്ഥാന്റെ കൈവിട്ടുപോകുമെന്നുറപ്പാണ്.

വിജയം തുടരാന്‍ രാജസ്ഥാനും ആദ്യ ജയം നേടാന്‍ മുംബൈയും തകര്‍പ്പന്‍ ഫോമിലുള്ള സൂര്യകുമാറും സഞ്ജുവും പടിക്കലും ചേരുന്നതോടെ മത്സരം തീ പാറുമെന്നുറപ്പാണ്.

ശനിയാഴ്ച ഉച്ച തിരിഞ്ഞ് 3.30ന് നവി മുംബൈയില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

Content Highlight: Surya Kumar Yadav rejoins with Mumbai Indians
We use cookies to give you the best possible experience. Learn more