ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ഹോങ്കോങിനെതിരെ 40 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ സ്വന്തമാക്കിയ 192 റണ്‍സ് പിന്തുടര്‍ന്ന ഹോങ്കോങിന് 152 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളു.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നു നായകന്‍ രോഹിത് ഇന്ത്യക്കായി നല്‍കിയത്. 13 പന്തില്‍ 21 റണ്‍സെടുത്ത് അദ്ദേഹം ക്രീസ് വിട്ടു. എന്നാല്‍ പിന്നീട് കെ.എല്‍. രാഹുലിന്റെ മെല്ലപ്പോക്ക് ഇന്ത്യന്‍ ഇന്നിങ്‌സിനെ ബാധിക്കുകയായിരുന്നു.
39 പന്ത് നേരിട്ട് 36 റണ്‍സ് മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയത്. മറുവശത്ത് വിരാടും വലിയ ടച്ചിലല്ലായിരുന്നു എങ്കിലും അദ്ദേഹം മാന്യമായ സ്‌ട്രൈക്ക് റേറ്റില്‍ തന്നെ ഇന്നിങ്‌സ് മുന്നോട്ട് നീക്കി.
13ാം ഓവറിലായിരുന്നു രാഹുല്‍ ക്രീസ് വിട്ടത്. അപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 94 റണ്‍സായിരുന്നു ഇന്ത്യക്ക്. അതിന് ശേഷം ക്രീസിലെത്തിയത് സൂര്യകുമാര്‍ യാദവായിരുന്നു. പിന്നീട് കണ്ടത് അഴിഞ്ഞാട്ടമായിരുന്നു. വിരാടും രാഹുലും പതുങ്ങി നിന്ന് കളിച്ച പിച്ചില്‍ അദ്ദേഹം കിടന്നും മലര്‍ന്നുമൊക്കെ സിക്‌സറുകള്‍ അടിച്ചുകൂട്ടി.
ഒരുസമയം 150 പോലും കടക്കില്ലെന്ന് തോന്നിയ ഇന്ത്യന്‍ ഇന്നിങ്‌സിനെ അദ്ദേഹം 192 റണ്‍സിലെത്തിച്ചു. 68 റണ്‍സാണ് സൂര്യ അവസാന ഏഴ് ഓവറില്‍ കളിക്കാന്‍ എത്തിയിട്ട് നേടിയത്. 26 പന്ത് മാത്രമായിരുന്നു അദ്ദേഹം നേരിട്ടത്. എന്നാല്‍ അത്രയും പന്തുകള്‍ മാത്രം മതിയായിരുന്നു അദ്ദേഹത്തിന് എതിര്‍ ടീമിനെ തകര്‍ക്കാന്‍.
ആറ് സിക്‌സും ആറ് ഫോറുമാണ് സൂര്യയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. അവസാന ഓവറില്‍ മാത്രം നാല് സിക്‌സറടക്കം 26 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചും അദ്ദേഹമായിരുന്നു.
ഇന്ത്യന്‍ ഇന്നിങ്‌സിന് ശേഷം സൂര്യയെ കൈകൂപ്പി വണങ്ങിയാണ് വിരാട് ആദരിച്ചത്. അദ്ദേഹത്തെ നോക്കുകുത്തിയാക്കികൊണ്ടായിരുന്നു സൂര്യയുടെ മികച്ച പ്രകടനം. വിരാടിന്റെ റിയാക്ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
44 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 59 റണ്‍സാണ് വിരാട് അടിച്ചെടുത്തത്. ഒരുപാട് കാലത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ അര്‍ധസെഞ്ച്വറിയാണിത്. സൂര്യക്ക് മികച്ച പിന്തുണയാണ് അദ്ദേഹം നല്‍കിയത്.
നിലവില്‍ ട്വന്റി-20 ക്രിക്ക്രറ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് സൂര്യ. എന്നാല്‍ ഇത്തരത്തിലുള്ള പ്രകടനം തുടരുകയാണെങ്കില്‍ ഉടനെ തന്നെ ഒന്നാം സ്ഥാനത്തെത്താന്‍ അദ്ദേഹത്തിന് സാധിക്കും.
Content Highlight: Surya Kumar Yadav Massive hitting against HongKong