| Thursday, 29th September 2022, 1:52 pm

ഇവന് ഒരു റെക്കോഡ് ബുക്ക് വാങ്ങേണ്ടി വരുമല്ലോ? ട്വന്റി -20 ക്രിക്കറ്റിലെ റെക്കോഡുകള്‍ തിരുത്തികുറിച്ച് ഇന്ത്യന്‍ സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. കഴിഞ്ഞ വര്‍ഷം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ഇന്ത്യക്ക് ഈ ലോകകപ്പ് അഭിമാനത്തിന്റെ കൂടെ കളിയാണ്.

ഇത്തവണ ലോകകപ്പില്‍ രോഹിത് ശര്‍മയുടെ കീഴിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ബാറ്റിങ് തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന കരുത്ത.് എല്ലാ പൊസിഷനിലും സാഹചര്യത്തിന് അനുസരിച്ച് കളിക്കുന്ന താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്.

നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍ നാലാം നമ്പറില്‍ കളിക്കുന്ന സൂര്യകുമാര്‍ യാദവാണ്. മത്സരത്തിന്റെ ഏത് ഘട്ടത്തിലും ഈസി ബൗണ്ടറികള്‍ നേടി ടീമിന് മുന്നേറ്റമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്.

ഈ വര്‍ഷം ട്വന്റി-20 ക്രിക്കറ്റില്‍ റെക്കോഡുകള്‍ വാരിക്കൂട്ടുന്ന തിരക്കിലാണ് സൂര്യ. ഒരു വര്‍ഷം ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമാണ് അദ്ദേഹം. ഈ വര്‍ഷം 180 സ്‌ട്രൈക്ക് റേറ്റില്‍ 732 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. അഞ്ച് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും അദ്ദേഹം ഈ വര്‍ഷം സ്വന്തമാക്കിയിട്ടുണ്ട്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരവും സൂര്യ തന്നെയാണ്. ഈ വര്‍ഷം 45 സിക്‌സറാണ് ട്വന്റി-20 ക്രിക്കറ്റില്‍ അദ്ദേഹം നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍ നേടിയ 42 സിക്‌സറാണ് സൂര്യ മറികടന്നത്.

ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തും സിക്‌സറടിക്കുന്നത് സൂര്യയുടെ പ്രധാന കഴിവാണ്. ഇന്ത്യന്‍ ടീമിലെ എ.ബി.ഡി എന്നാണ് ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. എത്ര വലിയ ബൗളിങ് നിരയാണെങ്കില്‍ പോലും ആദ്യ ബോള്‍ മുതല്‍ അറ്റാക്ക് ചെയ്ത് കളിക്കാന്‍ ശ്രമിക്കുന്നു താരമാണ് സൂര്യ.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ സൂര്യയുടെ ബാറ്റിങ്ങിനെ എല്ലാവരും പ്രശംസിച്ചിരുന്നു. ബാക്കി ബാറ്റര്‍മാരെല്ലാം പതറിയ ഗ്രീന്‍ഫീല്‍ഡിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ അദ്ദേഹം തകര്‍ത്തടിക്കുകയായിരുന്നു.

33 പന്ത് നേരിട്ട് 50 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ അയാള്‍ക്ക് സാധിച്ചു. മൂന്ന് സിക്‌സറും അഞ്ച് ഫോറും അദ്ദേഹത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സലുണ്ടായിരുന്നു.

ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റങ്ങളില്‍ പ്രധാന പങ്കുവഹിക്കാന്‍ സൂര്യക്ക് സാധിക്കും.

Content Highlight: Surya Kumar Yadav is creating Records in T20 Cricket

We use cookies to give you the best possible experience. Learn more