| Thursday, 27th July 2023, 11:21 pm

'അവന്റെ സ്ഥാനവും അടിച്ചുമാറ്റി, ജേഴ്‌സിയും'; ട്വിറ്ററില്‍ സൂര്യക്ക് സഞ്ജു ഫാന്‍സിന്റെ ട്രോള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിന മത്സരം കെന്‍സിങ്ടണ്‍ ഓവലില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 23 ഓവര്‍ കളിച്ച വിന്‍ഡീസ് വെറും 114 റണ്‍സ് നേടി എല്ലാവരും പുറത്തായിരുന്നു. വിന്‍ഡീസ് നിരയില്‍ 43 റണ്‍സ് നേടിയ ഷായ് ഹോപ്പ് അല്ലാതെ മറ്റാരും തിളങ്ങിയില്ല.

മൂന്ന് ഏകദിന മത്സരമാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ കളത്തിലിറങ്ങിയത്.

115 റണ്‍സ് ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ അല്ലായിരുന്നു. 2013 മുതല്‍ ഓപ്പണിങ്ങില്‍ ഒരു സൈഡില്‍ ഇറങ്ങുന്ന അദ്ദേഹം തന്റെ സ്ഥാനം യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് വിട്ട് നല്‍കുകയായിരുന്നു.

കിഷനൊപ്പം ശുഭ്മന്‍ ഗില്ലാണ് ഓപ്പണിങ് ഇറങ്ങിയത്. എന്നാല്‍ ഗില്ലിന് തിളങ്ങാനായില്ല. 16 പന്തില്‍ വെറും ഏഴ് റണ്‍സ് നേടി അദ്ദേഹം പുറത്താകുകയായിരുന്നു. ജെയ്ഡന്‍ സീലസിന്റെ പന്തില്‍ ബ്രാണ്‍ഡന്‍ കിങ്ങിന് ക്യാച്ച് നല്‍കിയാണ് അദ്ദേഹം പുറത്തായത്.

വിരാടിന് പകരം സൂര്യകുമാര്‍ യാദവാണ് മൂന്നാം നമ്പറില്‍ ഇറങ്ങിയത്. കഴിഞ്ഞ മൂന്ന് ഏകദിന മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ സൂര്യ ഈ മത്സരത്തില്‍ 19 റണ്‍സ് നേടി പുറത്തായി.

കഴിഞ്ഞ ഒരുപാട് ഏകദിന മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ സാധിക്കാത്ത സൂര്യകുമാറിന് പകരം സഞ്ജു സാംസണെ മത്സരത്തില്‍ ഇറക്കണമെന്ന് നേരത്തെ തന്നെ വാദമുയര്‍ന്നിരുന്നു. എന്നാല്‍ മത്സരത്തില്‍ സഞ്ജുവിന് പകരം സൂര്യയെ തന്നെയായിരുന്നു ഇറക്കിയത്. ഇത് ആരാധകരുടെ നെറ്റി ചുളിപ്പിച്ചിരുന്നു. എന്നാല്‍ സഞ്ജുവിന്റെ ജേഴ്‌സി  അണിഞ്ഞുകൊണ്ടായിരുന്നു സൂര്യ കളിക്കാന്‍ ഇറങ്ങിയത്.

ഇതിന് ട്വിറ്ററില്‍ പലതരത്തിലുള്ള റിയാക്ഷനുകളാണ് വരുന്നത്. സൂര്യയുടെ നല്ലഒരു ഗെസ്റ്ററാണിതെന്നും, അദ്ദേഹം സഞ്ജുവിനെ കളിപ്പിക്കാത്തതിലുള്ള പ്രതിഷേധമാണ് കാണിക്കുന്നതെന്നും ഒരുപാട് പേര്‍ പറയുന്നു. എന്നാല്‍ സഞ്ജുവിന്റെ സ്ഥാനവും ജേഴ്‌സിയും സൂര്യ തട്ടി എടുത്തുവെന്നും പറയുന്നവരുണ്ട്.

സഞ്ജുവിന്റെ ജേഴ്‌സിക്ക് വരെ അവസരമുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന് ഇല്ലെന്നും ചിലര്‍ കളിയാക്കുന്നു. ഇത് സഞ്ജു ആരാധകരെ കളിയാക്കാന്‍ വേണ്ടി മനപൂര്‍വം സൂര്യ ചെയ്തതാണെന്നും ചിലര്‍ വാദിക്കുന്നു.

എന്തായാലും വീണ്ടും സൂര്യ പരാജയമാകുകയും ഇന്ത്യ ജയിക്കുകയം ചെയ്തതോട് കൂടി അടുത്ത മത്സരത്തിലെങ്കിലും സഞ്ജുവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Surya Kumar Yadav Gets Trolled from Sanju Samson Fans for Wearing His Jersey

We use cookies to give you the best possible experience. Learn more