ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യ മികച്ച വിജയം നേടിയിയരുന്നു. ഇന്ത്യ അടിച്ചെടുത്ത 192 റണ്‍സ് പിന്തുടര്‍ന്ന ഹോങ്കോങിന് 152 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളു. ഇതോടെ ഇന്ത്യ 40 റണ്‍സിന്റെ ആധികാരിക വിജയം കരസ്ഥമാക്കുകയായിരുന്നു.
ഇന്ത്യക്കായി ബാറ്റിങ്ങില്‍ സൂര്യകുമാര്‍ യാദവായിരുന്നു മികച്ച പ്രകടനം പുറത്തെടുത്തത്. 26 പന്ത് നേരിട്ട് ആറ് ഫോറും ആറ് സിക്‌സറുമടിച്ചുകൊണ്ട് അദ്ദേഹം 68 റണ്‍സ് സ്വന്തമാക്കി. മുന്‍ നായകന്‍ വിരാട് കോഹ്‌ലി 44 പന്തില്‍ 59 റണ്‍സ് സ്വന്തമാക്കി മികച്ച പിന്തുണ നല്‍കി.
നായകന്‍ രോഹിത് ശര്‍മ 13 പന്തില്‍ 21 റണ്‍സ് നേടിയപ്പോള്‍ കെ.എല്‍. രാഹുല്‍ നിരാശപ്പെടുത്തി. 39 പന്തില്‍ 36 റണ്‍സാണ് അദ്ദേഹം നേടിയത്.
അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സൂര്യ തന്നെയായിരുന്നു കളിയിലെ താരവും. രാഹുലിന്റെ സ്ലോ ഇന്നിങ്‌സിന് ആരാധകരുടെയും ക്രിക്കറ്റ് നിരീക്ഷകരുടെയും ഇടയില്‍ നിന്നും ഒരുപാട് ട്രോളുകളും വിമര്‍ശനങ്ങളും ലഭിച്ചിരുന്നു. അദ്ദേഹം സെല്‍ഫിഷാണെന്നും ടീമില്‍ നിന്നും മാറ്റണമെന്നും ആരാധകര്‍ ട്രോളിയിരുന്നു.
എന്നാല്‍ രാഹുലിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. ‘ഇന്ത്യന്‍ ടീമിന്റെ പുതിയ പരീക്ഷണങ്ങളില്‍ നിങ്ങളെ ഓപ്പണിങ് പൊസിഷനില്‍ കാണുന്നുണ്ടോ?’ എന്നുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘രാഹുല്‍ ഭായിയെ മാറ്റുന്നതിനെ കുറിച്ചാണോ നിങ്ങള്‍ ചിന്തിക്കുന്നത് എന്നായിരുന്നു അദ്ദേഹം തിരിച്ചു കളിയാക്കി ചോദിച്ചത്.
രാഹുല്‍ പരിക്കില്‍ നിന്നും മുക്തനായി വരുന്നതെയുള്ളുവെന്നും അദ്ദേഹത്തിന് ടീമിനുള്ളില്‍ ആവശ്യമായ സപ്പോര്‍ട്ട് നല്‍കുമെന്നും സൂര്യകുമാര്‍ പറഞ്ഞു. ടീമിനാവശ്യമുള്ള ഏത് പൊസിഷനിലും കളിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.
‘പരിക്കില്‍ നിന്ന് അദ്ദേഹം (രാഹുല്‍) തിരിച്ചെത്തിയതെയുള്ളു. അദ്ദേഹത്തിന് കുറച്ച് സമയം ആവശ്യമാണ്. ഞങ്ങള്‍ക്ക് ഇപ്പോള്‍ ആ സമയം ലഭ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം, ഏത് നമ്പറിലും ബാറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്ന് എപ്പോഴും പറയാറുണ്ട്. ഏത് നമ്പറിലും എന്നെ ബാറ്റ് ചെയ്യാന്‍ അയക്കാം പക്ഷേ എന്നെ കളിപ്പിക്കണമെന്ന് ഞാന്‍ പരിശീലകനോടും ക്യാപ്റ്റനോടും പറഞ്ഞിട്ടുണ്ട്. മത്സരം മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ശ്രമിക്കും.
ഞങ്ങള്‍ പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. പരിശീലനത്തില്‍ ഇത് ചെയ്യുന്നതിനുപകരം, ഒരു മത്സര സമയത്ത് അത്തരം കാര്യങ്ങള്‍ പരീക്ഷിക്കുന്നതാണ് നല്ലത്. അതിലൂടെ ഞങ്ങള്‍ക്ക് പുതിയ ആശയങ്ങള്‍ ലഭിക്കും. അത് എങ്ങനെ പോകുന്നുവെന്ന് മനസിലാക്കാനും സാധിക്കും,’യാദവ് കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍ ഫോറിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. സെപ്റ്റംബര്‍ നാലിന് നടക്കുന്ന മത്സരത്തിലെ എതിരാളിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.