ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ഹോങ്കോങിനെതിരെ 40 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ സ്വന്തമാക്കിയ 192 റണ്‍സ് പിന്തുടര്‍ന്ന ഹോങ്കോങിന് 152 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളു.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നു നായകന്‍ രോഹിത് ഇന്ത്യക്കായി നല്‍കിയത്. 13 പന്തില്‍ 21 റണ്‍സെടുത്ത് അദ്ദേഹം ക്രീസ് വിട്ടു. എന്നാല്‍ പിന്നീട് കെ.എല്‍. രാഹുലിന്റെ മെല്ലപ്പോക്ക് ഇന്ത്യന്‍ ഇന്നിങ്‌സിനെ ബാധിക്കുകയായിരുന്നു.
39 പന്ത് നേരിട്ട് 36 റണ്‍സ് മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയത്. മറുവശത്ത് വിരാടും വലിയ ടച്ചിലല്ലായിരുന്നു എങ്കിലും അദ്ദേഹം മാന്യമായ സ്‌ട്രൈക്ക് റേറ്റില്‍ തന്നെ ഇന്നിങ്‌സ് മുന്നോട്ട് നീക്കി.
13ാം ഓവറിലായിരുന്നു രാഹുല്‍ ക്രീസ് വിട്ടത്. അപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 94 റണ്‍സായിരുന്നു ഇന്ത്യക്ക്. അതിന് ശേഷം ക്രീസിലെത്തിയത് സൂര്യകുമാര്‍ യാദവായിരുന്നു. പിന്നീട് കണ്ടത് അഴിഞ്ഞാട്ടമായിരുന്നു. വിരാടും രാഹുലും പതുങ്ങി നിന്ന് കളിച്ച പിച്ചില്‍ അദ്ദേഹം കിടന്നും മലര്‍ന്നുമൊക്കെ സിക്‌സറുകള്‍ അടിച്ചുകൂട്ടി.
ഒരുസമയം 150 പോലും കടക്കില്ലെന്ന് തോന്നിയ ഇന്ത്യന്‍ ഇന്നിങ്‌സിനെ അദ്ദേഹം 192 റണ്‍സിലെത്തിച്ചു. 68 റണ്‍സാണ് സൂര്യ അവസാന ഏഴ് ഓവറില്‍ കളിക്കാന്‍ എത്തിയിട്ട് നേടിയത്. 26 പന്ത് മാത്രമായിരുന്നു അദ്ദേഹം നേരിട്ടത്. എന്നാല്‍ അത്രയും പന്തുകള്‍ മാത്രം മതിയായിരുന്നു അദ്ദേഹത്തിന് എതിര്‍ ടീമിനെ തകര്‍ക്കാന്‍.
ആറ് സിക്‌സും ആറ് ഫോറുമാണ് സൂര്യയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. അവസാന ഓവറില്‍ മാത്രം നാല് സിക്‌സറടക്കം 26 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചും അദ്ദേഹമായിരുന്നു.
മികച്ച പിന്തുണയായിരുന്നു വിരാട് സൂര്യക്ക് നല്‍കിയത്. 44 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 59 റണ്‍സാണ് വിരാട് അടിച്ചെടുത്തത്. ഒരുപാട് കാലത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ അര്‍ധസെഞ്ച്വറിയാണിത്.
മത്സരത്തിന് ശേഷം വിരാടും സൂര്യയുമായുള്ള ചാറ്റ് ഷോ പുറത്തുവിട്ടിരിക്കുകയാണ് ബി.സി.സി.ഐ. ഇരുവരും തമ്മില്‍ പുകഴ്ത്തി സംസാരിച്ചുകൊണ്ടായിരുന്നു ചാറ്റ്. സൂര്യയെ ഇന്റര്‍വ്യൂ എടുക്കുന്നത് ഒരു ബഹുമതിയാണെന്നും അദ്ദേഹത്തിന്റെ ക്ലാസ് ഇത്രയും അടുത്ത് നിന്നും കാണുന്നത് ആദ്യമായിട്ടാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘സൂര്യയെ അഭിമുഖം നടത്തുന്നത് തന്നെ ഒരു ബഹുമതിയാണ്. അവന്‍ ഒരു മികച്ച ഇന്നിങ്‌സ് കളിച്ചു. അദ്ദേഹത്തിന്റെ ക്ലാസ്സ് ഇത്ര അടുത്ത് നിന്നും കാണുന്നത് ആദ്യമായിട്ടാണ്. അദ്ദേഹം കളിച്ച ഇന്നിങ്‌സില്‍ ഒരുപാട് അത്ഭുതപ്പെട്ടുപോയെന്ന് പറയേണ്ടി വരും,” വിരാട് പറഞ്ഞു.
വിരാടുമായി ബാറ്റ് ചെയ്യുന്നത് ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം അപ്പുറം ഉള്ളതുകൊണ്ടാണ് മികച്ച ഇന്നിങ്‌സ് കളിക്കാന്‍ സാധിച്ചതെന്നുമാണ് സൂര്യ ഇതിന് മറുപടി പറഞ്ഞത്.
‘എനിക്ക് നിങ്ങളെ അവിടെ ക്രീസില്‍ ആവശ്യമാണെന്ന് എനിക്കറിയാമായിരുന്നു. നിങ്ങള്‍ 30-35 പന്തുകള്‍ ബാറ്റ് ചെയ്ത് കഴിഞ്ഞാല്‍, അടുത്ത പത്ത് പന്തുകള്‍ 200-250 എന്ന സ്‌ട്രൈക്ക് റേറ്റില്‍ അടിക്കേണ്ടതുണ്ട്. അതിനാല്‍, എനിക്ക് സ്വതന്ത്രമായി കളിക്കാന്‍ നിങ്ങള്‍ ക്രീസില്‍ തുടരേണ്ടത് പ്രധാനമായിരുന്നു, ”സൂര്യ പറഞ്ഞു.
അവസാന ഓവറില്‍ നാല് സിക്‌സറടിച്ചതിനെ കുറിച്ചും വിരാട് ചോദിച്ചിരുന്നു. യുവരാജ് സിങ്ങിന്റെ ആറ് ബോള്‍ സിക്‌സറിനെയായിരുന്നൊ ലക്ഷ്യം വെച്ചതെന്ന് അദ്ദേഹം സൂര്യയോട് ചോദിച്ചു.
‘ഞാന്‍ എനിക്ക് പറ്റുന്നതിന്റെ പരമാവധി ശ്രമിച്ചിരുന്നു, പക്ഷെ വേണ്ട, യുവി പാജിയുടെ റെക്കോഡ് അവിടെ നിന്നോട്ടെ,’ തമാശരൂപേണ സൂര്യ പറഞ്ഞു.
നിലവില്‍ ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങള്‍ വിരാടും സൂര്യയുമാണ്. വിരാട് 94 റണ്‍സുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ സൂര്യ 86 റണ്‍സുമായി രണ്ടാം സ്ഥാനത്താണ്.
Content Highlight: Surya Kumar says He targeted Yuvraj Singhs’s Six sixes but couldn’t get it