അന്ന് പരാജയമായതെല്ലാം കൂടെ ചേര്‍ത്ത് കൊടുത്തിട്ടുണ്ട്; അവന്‍മാരുടെയൊരു മൂന്ന് ഡക്ക്; സൂര്യയുടെ അഴിഞ്ഞാട്ടം
ഇന്ത്യ-ഓസട്രേലിയ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച ടോട്ടല്‍ നേടി. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.
ഇന്ത്യക്കായി ഓപ്പണിങ് ബാറ്ററായ ശുഭ്മന്‍ ഗില്ലും ശ്രേയസ് അയ്യരും സെഞ്ച്വറി നേടിയിരുന്നു. ഗില്‍ 97 പന്തില്‍ ആറ് ഫോറിന്റെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ 104 റണ്‍സ് നേടിയപ്പോള്‍ അയ്യര്‍ 90 പന്തില്‍ മൂന്ന് സിക്‌സറും 11 ഫോറുമടിച്ച് 105 റണ്‍സ് നേടി ടോപ് സ്‌കോററായി.
നായകന്‍ കെ.എല്‍. രാഹുല്‍ 38 പന്തില്‍ മൂന്ന് ഫോറും അത്രയും തന്നെ സിക്‌സറുമടിച്ച് 52 റണ്‍സ് നേടിയിരുന്നു. ഇവരെല്ലാം തകര്‍ത്തടിച്ചിട്ടും ഇന്നത്തെ മത്സരത്തിലെ ഷോ സ്റ്റീലര്‍ സൂര്യകുമാര്‍ യാദവാണ്.
ആറാമനായി ക്രീസിലെത്തിയ സൂര്യ തന്റെ യഥാര്‍ത്ഥ ഭാവം കാണിക്കുകയായിരുന്നു. തുടക്കത്തില്‍ ഒന്ന് പതറിയ, ആദ്യം ഒമ്പത് പന്തില്‍ നാല് റണ്‍സ് മാത്രം നേടിയ താരം പിന്നീട് കത്തിക്കയറുകയായിരുന്നു.
ഒടുവില്‍ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ 37 പന്തില്‍ 72 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ആറ് ഫോറും ആറ് കൂറ്റന്‍ സിക്‌സും സൂര്യയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 44ാം ഓവറില്‍ ആദ്യ നാല് പന്തില്‍ നാല് സിക്‌സറാണ് സൂര്യ അടിച്ചുക്കൂട്ടിയത്.
ഏകദിന ക്രിക്കറ്റിലും ലോകകപ്പിലും താരത്തിനെ ഉള്‍പ്പെടുത്തിയതിന് ഒരുപാട് വിമര്‍ശങ്ങള്‍ ബി.സി.സി.ഐക്ക് നേരെയും കോച്ച് രാഹുല്‍ ദ്രാവിഡിനെതിരെയുമുണ്ടായിരുന്നു. ടി-20യില്‍ തകര്‍ത്തടിക്കാറുള്ള സൂര്യ ഏകദിനത്തില്‍ ശരാശരിയിലും താഴെയുള്ള പ്രകടനം മാത്രമേ കാഴ്ചവെച്ചിട്ടുള്ളു.
എന്നാല്‍ ഈ പരമ്പരയില്‍ സൂര്യ തന്റെ സ്ഥാനം അര്‍ഹമായതാണെന്ന് തെളിയിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടിലും താരം അര്‍ധസെഞ്ച്വറി നേടിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ശ്രദ്ധയോടെ ബാറ്റ് വീശിയ താരം 49 പന്തില്‍ 50 റണ്‍സ് നേടി പുറത്താകുകയായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ സൂര്യയുടെ ബീസ്റ്റ് മോഡിനായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷിയായത്.
ഈ വര്‍ഷം മാര്‍ച്ചില്‍ ഓസീസ് ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ മൂന്ന് മത്സരത്തിലും പൂജ്യനായി മടങ്ങിയ താരമായിരുന്നു സൂര്യ. അതിന്റെ പേരില്‍ ഇപ്പോഴും വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു താരത്തിന്റെ റിഡംഷന്‍.
ലോകകപ്പിന് മുന്നോടിയായി സൂര്യയുടെ ബീസ്റ്റ് മോഡിലേക്കുള്ള തിരിച്ചുവരവ് ഇന്ത്യക്ക് ആശ്വാസം ലഭിക്കുന്ന കാര്യമാണ്.
Content Highlight: Surya Kumar’s Redemption In Series against Australia