Film News
തനിക്ക് നഷ്ടപ്പെട്ടുപോയ ചിത്രം; ആടുജീവിതത്തിന് ആശംസയുമായി സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 26, 06:37 am
Tuesday, 26th March 2024, 12:07 pm

ആടുജീവിതത്തിന് ആശംസയുമായി നടൻ സൂര്യ. അതിജീവനത്തിന്റെ കഥ പറയുന്ന സിനിമയാണ് ആടുജീവിതമെന്നും അതിന് വേണ്ടിയുള്ള പരിശ്രമം ജീവിതത്തിൽ ഒരിക്കലേ നടുക്കുകയുള്ളൂയെന്നും സൂര്യ പറഞ്ഞു. ഇങ്ങനെയൊരു ഗ്രാൻഡ് റിലീസിന് ബ്ലെസിക്കും ടീമിനും പൃഥ്വിരാജിനും എ.ആർ റഹ്മാനും ആശംസകൾ നേർന്നുകൊണ്ടാണ് സൂര്യ തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ ആടുജീവിതത്തിന്റെ ട്രെയ്ലറും താരം ഉൾപ്പെടുത്തിയിട്ടുണ്ട്.

’14 വർഷത്തെ അഭിനിവേശം, അതിജീവനത്തിന്റെ കഥ പറയുന്ന സിനിമയാണ് ആടുജീവിതം. ഈ ട്രാൻസ്ഫോർമേഷനും ഇതിനെ ഒരുമിച്ച് കൊണ്ടുവരാനുള്ള പരിശ്രമവും ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ. ബ്ലെസികും ടീമിനും പൃഥ്വിരാജിനും എ.ആർ റഹ്മാനും ഇങ്ങനെയൊരു ഗ്രാൻഡ് റിലീസിന് ഹൃദയം നിറഞ്ഞ ആശംസകൾ,’ എന്നാണ് സൂര്യ കുറിച്ചത്.

യഥാർത്ഥ കഥയെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയാണ് ആടുജീവിതം. ചിത്രത്തിലെ നായകനായ നജീബിനെ അവതരിപ്പിക്കുന്നത് മറ്റ് ഭാഷയിലെ നടന്മാര്‍ ആയിരിക്കുമെന്ന് തുടക്കത്തില്‍ റൂമറുകള്‍ ഉണ്ടായിരുന്നു.

അതില്‍ ഏറ്റവുമധികം കേട്ട പേരുകള്‍ വിക്രമിന്റെയും സൂര്യയുടെയും ആയിരുന്നു. ഏറ്റവുമൊടുവിലാണ് പൃഥ്വിരാജിലേക്ക് എത്തിയത്. തനിക്ക് മിസ് ആയ സിനിമയാണ് ആടുജീവിതമെന്ന് സൂര്യ പല സന്ദർഭങ്ങളിലും പറഞ്ഞിരുന്നു. താരത്തിന് ശരീരഭാരം കുറക്കാൻ കഴിയാതെ വന്നപ്പോഴാണ് സിനിമയിൽ നിന്ന് പിന്മാറിയത്.

മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളിലൊന്നായ ആടുജീവിതം സിനിമാരൂപത്തില്‍ എത്തുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് പൃഥ്വി എന്ന നടന്റെയും ബ്ലെസി എന്ന സംവിധായകന്റെയും സമര്‍പ്പണമാണ്. 10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുകയും ഏഴ് വര്‍ഷത്തോളമെടുത്ത് ഷൂട്ട് ചെയ്യുകയും ചെയ്ത സിനിമയാണ് ആടുജീവിതം. 2018ൽ തുടങ്ങിയ ചിത്രം 2022 വരെ ഷൂട്ട് ചെയ്തിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് ഒരുപാട് കഷ്ടപെട്ടിരുന്നു. ഏകദേശം കിലോ 30 വരെ പൃഥ്വിരാജ് സിനിമയ്ക്ക് വേണ്ടി കുറച്ചിരുന്നു. ചിത്രം മാർച്ച് 28ന് തിയേറ്ററുകളിൽ പ്രദർശനം തുടങ്ങും.

Content Highlight: Surya heartily wishes to aadujeevithams team