എപ്പോഴും ഒറ്റപ്പെട്ട സംഭവം, വീണ്ടും വീണ്ടും ഉണ്ടാവുന്നു, ഇത് സ്ഥിരം പല്ലവി; യൂണിവേഴ്‌സിറ്റി കോളേജില്‍ സദാചാര പൊലീസ് ആക്രമണത്തിന് വിധേയയായ സൂര്യ ഗായത്രി പറയുന്നു
University College Thiruvananthapuram
എപ്പോഴും ഒറ്റപ്പെട്ട സംഭവം, വീണ്ടും വീണ്ടും ഉണ്ടാവുന്നു, ഇത് സ്ഥിരം പല്ലവി; യൂണിവേഴ്‌സിറ്റി കോളേജില്‍ സദാചാര പൊലീസ് ആക്രമണത്തിന് വിധേയയായ സൂര്യ ഗായത്രി പറയുന്നു
ആല്‍ബിന്‍ എം. യു
Saturday, 13th July 2019, 8:04 pm

ഇന്നലെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം നടന്നതോടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ജനാധിപത്യ വിരുദ്ധ നടപടികളെ കുറിച്ച് വീണ്ടും ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്. കോളേജിലെ എസ്്.എഫ്.ഐ യൂണിറ്റ് കമ്മറ്റി പിരിച്ചു വിട്ടിരിക്കുകയാണ്. ഇതിന് മുമ്പ് യൂണിറ്റ് പിരിച്ചു വിട്ടത് 2017ല്‍ ആയിരുന്നു. 2017ല്‍ വിദ്യാര്‍ത്ഥിനികളായ സൂര്യഗായത്രി, അസ്മിത കബീര്‍ എന്നീ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം നാടകം കാണാന്‍ ക്യാമ്പസിലെത്തിയ ഇവരുടെ സുഹൃത്ത് ജിജീഷിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ ഉപദ്രവിച്ചു എന്നതിന്റെ പേരിലായിരുന്നു അത്. അന്ന് ആക്രമണത്തിന് വിധേയയായ സൂര്യ ഗായത്രി ഇപ്പോഴത്തെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡൂള്‍ ന്യൂസിനോട് സംസാരിക്കുന്നു.

ഇപ്പോള്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ യൂണിറ്റ് കമ്മിറ്റിയുടെ പ്രശ്‌നമായിട്ടാണ് പറയപ്പെടുന്നത്. ഇപ്പോഴത്തെ യൂണിറ്റ് കമ്മറ്റിയുടെ മോശം പെരുമാറ്റം മാത്രമായിട്ടാണോ കാണുന്നത്?

അങ്ങനെയാണെങ്കില്‍ നേരത്തെ സംഭവിച്ച കാര്യങ്ങളൊന്നും ഉണ്ടാവില്ലല്ലോ. ഞങ്ങളോട് നടത്തിയത് മാത്രമല്ല, അതിന് മുമ്പ് മണികണ്ഠന്‍ എന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതാണെങ്കിലും അതിന് ശേഷമാണെങ്കില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണെങ്കിലും. ഓരോ സംഭവം നടക്കുമ്പോഴും അതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് പറയുന്നു, വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതൊരു സ്ഥിരം പല്ലവിയാണെന്നാണ് തോന്നുന്നത്.

അന്ന് നിങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയതും യൂണിറ്റ് ഭാരവാഹികളായിരുന്നവരാണോ?

അന്നത്തെ യൂണിറ്റ് ഭാരവാഹികളായിരുന്നവരും ഉണ്ടായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഭാരവാഹികളും ഉണ്ടായിരുന്നു. ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഭാരവാഹികളായിരുന്നില്ല. ഞങ്ങളുടെ നേര്‍ക്ക് ആക്രമണം നടത്തിയത് ചര്‍ച്ചയായതിന് ശേഷം യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. പിന്നെ മറ്റൊരു യൂണിറ്റ് വന്നു. യൂണിറ്റ് പിരിച്ചു വിട്ടത് കൊണ്ട് മാത്രം കാര്യമില്ല. തെരഞ്ഞെടുപ്പ് ജനാധിപത്യവത്കരിക്കണം. മറ്റ് സംഘടനകളും ഉണ്ടാവണം. അതിന് ശേഷം എന്റെ സുഹൃത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി നാമനിര്‍ദേശക പത്രിക വാങ്ങുന്നതിന് വേണ്ടി പോയിരുന്നു. ഞാന്‍ അപ്പോഴും എസ്.എഫ്.ഐ തന്നെയായിരുന്നു. അന്നും പ്രശ്‌നങ്ങളുണ്ടാക്കി. ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ പോവുകയാണെന്ന് കരുതി എന്നെ വളഞ്ഞു. എനിക്ക് വേണ്ടിയല്ല മറ്റൊരു വിദ്യാര്‍ത്ഥിക്ക് വേണ്ടിയാണെന്ന് പറഞ്ഞപ്പോള്‍ മറ്റ് സംഘടന ഉണ്ടാക്കുവാന്‍ നോക്കുകയാണോ എന്ന് ചോദിച്ച് എനിക്ക് നേരെ പ്രശ്‌നങ്ങളുണ്ടാക്കി. പിന്നീട് ആ വിദ്യാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചില്ല.

ഏതെങ്കിലും യൂണിറ്റ് കമ്മിറ്റിയുടെ മാത്രം പ്രശ്‌നങ്ങളല്ല എന്നാണോ പറയുന്നത്?

അങ്ങനല്ല. ഞാന്‍ നേരിട്ട പ്രശ്‌നങ്ങള്‍ തൊട്ടെ എനിക്കറിയാവു. ഞാന്‍ കേട്ടിട്ടുള്ള പേരുകള്‍ പലതും ഒരേ പേരുകളാണ്. ഇപ്പോഴുള്ള ആളുകളല്ല. പുറത്ത് നിന്ന് ആളുകള്‍ വരുന്നുണ്ടല്ലോ. നേരത്തെ കമ്മറ്റികളില്‍ ഒക്കെ ഉണ്ടായിരുന്നവര്‍. എത്ര യൂണിറ്റ് കമ്മറ്റികള്‍ വന്നാലും അവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അതാണ് പ്രശ്‌നമായി തോന്നുന്നത്. ഇതിനിടയില്‍ കോളേജില്‍ ഇപ്പോള്‍ പഠിക്കുന്ന എന്റെ ബന്ധു പറഞ്ഞത് ഇപ്പോഴത്തെ യൂണിറ്റ് കമ്മറ്റി നല്ലതാണെന്നും സൗഹാര്‍ദപരമാണെന്നായിരുന്നു. അത് കേട്ട് കുറച്ചു കഴിയുമ്പോഴാണ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം നടക്കുന്നത്.ഞങ്ങള്‍ കേസിന് വേണ്ടി സമീപിച്ച അഡ്വക്കേറ്റിനെ പോലും വിളിച്ച് തടസ്സപ്പെടുത്തി.

എസ്.എഫ്.ഐയാണ് പ്രശ്‌നമെന്ന് അഭിപ്രായമുണ്ടോ?

അങ്ങനൊരു അഭിപ്രായമില്ല. ഞാന്‍ മുമ്പ് വേറൊരു കോളേജില്‍ പഠിച്ചിട്ടുണ്ട് അവിടത്തെ എസ്.എഫ്.ഐ നല്ലതായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐയെ കുറിച്ചാണ് അഭിപ്രായ വ്യത്യാസം. എ.ഐ.എസ്.എഫിനെ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ സ്ഥിതി മാറിയേക്കും.

 

ആല്‍ബിന്‍ എം. യു
സൗത്ത്‌ലൈവ് , തല്‍സമയം, ന്യൂസ്‌റെപ്റ്റ് എന്നിവിടങ്ങളില്‍ സബ് എഡിറ്റര്‍ ആയിരുന്നു. ഇപ്പോള്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. തൃശ്ശൂര്‍ ലോ കോളേജില്‍ നിന്ന് നിയമ ബിരുദം. കേരള പ്രസ്അക്കാദമിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.