ഒക്ടോബര്‍ 10ന് സിനിമാലോകം ഉറ്റുനോക്കിയിരുന്ന ക്ലാഷ് റിലീസുകളായിരുന്നു രജിനികാന്തിന്റെ വേട്ടയ്യനും സൂര്യയുടെ കങ്കുവയും. എന്നാല്‍ അന്നേ ദിവസം കങ്കുവ റിലീസ് ചെയ്യില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചരിക്കുകയാണ് സൂര്യ. നേരത്തെ രണ്ടു ചിത്രങ്ങളുടെയും റിലീസ് ഒക്ടോബര്‍ 10ന് ആയിരിക്കുമെന്ന് അറിയിച്ചിരുന്നു.
തന്റെ സഹോദരന്‍ കാര്‍ത്തിയുടെ ‘മെയ്യഴകന്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേളയില്‍ സൂപ്പര്‍സ്റ്റാറിന്റെ റിലീസിന് വഴിയൊരുക്കുന്നതിനായി തന്റെ സിനിമ മാറ്റിവെക്കുന്നു എന്ന് സൂര്യ പ്രഖ്യാപിച്ചു.
തീരുമാനത്തിന് കാരണം തമിഴ് സിനിമാ വ്യവസായത്തിലെ രജിനികാന്തിന്റെ സീനിയോറിറ്റിയോടുള്ള ബഹുമാനമാണെന്ന് സൂര്യ പറയുന്നു. അതോടെ ഒക്ടോബര്‍ 10ന് സൂര്യയുടെ കങ്കുവയും രജിനികാന്തിന്റെ വേട്ടയ്യനും തമ്മില്‍ പ്രതീക്ഷിച്ച ഏറ്റുമുട്ടല്‍ ഒഴിവായി.
‘ഞാന്‍ ജനിച്ചപ്പോള്‍ തന്നെ അദ്ദേഹം അഭിനയിക്കാന്‍ വന്നതാണ്. 50 വര്‍ഷത്തിലേറെയായി അദ്ദേഹം തമിഴ് സിനിമയുടെ ഐഡന്റിറ്റിയാണ്. സൂപ്പര്‍സ്റ്റാറിന്റെ സിനിമ ആദ്യം വരുന്നതാണ് നല്ലത് എന്ന് ഞാന്‍ കരുതുന്നു,’ സൂര്യ പറയുന്നു.
ഒക്ടോബര്‍ 10ന് വേട്ടയ്യന്റെ റിലീസ് നിശ്ചയിച്ചിരുന്നതാണ് കങ്കുവ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ചിത്രത്തിന്റെ വിജയത്തിനായി തുടര്‍ന്നും പിന്തുണയും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിക്കുകയാണെന്നും സൂര്യ ആരാധകരോട് പറഞ്ഞു.
സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ രചിച്ചു സംവിധാനം ചെയ്ത വേട്ടയ്യന്‍ നേരത്തെ പ്രഖ്യാപിച്ചതുപോലെതന്നെ ഒക്ടോബര്‍ 10ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിച്ച ഈ ചിത്രം കേരളത്തില്‍ വമ്പന്‍ റിലീസായി എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്. ജയിലര്‍ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം റിലീസ് ചെയ്യാന്‍ പോകുന്ന രജിനികാന്ത് ചിത്രമാണ് വേട്ടയ്യന്‍.
സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കങ്കുവ. 2021ല്‍ അനൗണ്‍സ് ചെയ്ത സിനിമ വന്‍ ബജറ്റില്‍ പൂര്‍ണമായും ത്രീഡിയിലാണ് ഒരുങ്ങുന്നത്. അണ്ണാത്തെയുടെ വന്‍ പരാജയത്തിന് ശേഷം ശിവ സംവിധാനം ചെയ്ത സിനിമ രണ്ട് കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്.
Content Highlight: Surya Confirms Kanguva Postponement To Avoid Clash With Rajinikanth’s Vettaiyan