ആ പാര്‍ട്ണര്‍ഷിപ്പ് എല്ലാം തകര്‍ത്തു; തോല്‍വിയുടെ കാരണം വ്യക്തമാക്കി സൂര്യ
Sports News
ആ പാര്‍ട്ണര്‍ഷിപ്പ് എല്ലാം തകര്‍ത്തു; തോല്‍വിയുടെ കാരണം വ്യക്തമാക്കി സൂര്യ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 13th December 2023, 12:15 pm

സെന്റ് ജോര്‍ജ് ഓവലില്‍ നടന്ന സൗത്ത് ആഫ്രിക്കെതിരെയുള്ള രണ്ടാം ടി-ട്വന്റി മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ഡിസംബര്‍ 12ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ മഴപെയ്തു. ഇതോടെ മത്സരം ചുരുക്കി സൗത്ത് ആഫ്രിക്കയ്ക്ക് 15 ഓവറില്‍ 152 റണ്‍സിന്റെ വിജയലക്ഷ്യം നിര്‍ണയിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസ് 13.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

ഇപ്പോള്‍ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ഡ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍മാര്‍ തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ച് സ്‌കോര്‍ ഉയര്‍ത്താനായിരുന്നു ലക്ഷ്യമിട്ടതെന്നും സൂര്യ പറഞ്ഞു. പ്രോട്ടിയാസ് ക്യാപ്റ്റന്‍ എയ്ഡണ്‍ മര്‍ക്രമിന്റെയും മാത്യു ബ്രീറ്റ്‌സ്‌കെയുടെയും മികച്ച കൂട്ടുകെട്ട് വന്നതോടെ പ്രതീക്ഷകളെല്ലാം നഷ്ടമായെന്നും സൂര്യ അഭിപ്രായപ്പെട്ടു. നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മധ്യ നിരയില്‍ ഇറങ്ങിയ റിങ്കു സിങ്ങുമാണ്. എന്നാലും മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് സൂര്യ.

‘തുടക്കത്തില്‍ അവര്‍ ഉജ്ജ്വമായി ബാറ്റ് ചെയ്ത് മത്സരം ഞങ്ങളില്‍ നിന്നും അകറ്റി, ഒരു സമയത്ത് അവര്‍ 70 റണ്‍സ് ഉയര്‍ത്തിയിരുന്നു,’ സൂര്യകുമാര്‍ പറഞ്ഞു.

പ്രോട്ടിയാസ് 2.5 ഓവറില്‍ 42 റണ്‍സിന്റെ മികച്ച നിലയില്‍ തുടക്കം കുറിക്കുകയായിരുന്നു. ശേഷം അത് 7.5 ഓവറില്‍ 96 റണ്‍സില്‍ ഉയര്‍ന്നു. റിസാ ഹെന്‍ഡ്രിക്‌സ് 27 പന്തില്‍ ഒരു സിക്‌സറും എട്ട് ബൗണ്ടറികളും ഉള്‍പ്പെടെ 49 റണ്‍സാണ് അടിച്ചെടുത്തത്. കൂടാതെ ഏഴ് പന്തില്‍ 16 റണ്‍സ് നേടി മാത്യു ബ്രീറ്റ്‌സകെ മികച്ച കൂട്ടുകെട്ടും റീസക്ക് നല്‍കി. മാത്യുവിനെ ജഡേജ റണ്‍ ഔട്ട് ആക്കിയതോടെ എയ്ഡണ്‍ മാര്‍ക്രവും അടി തുടങ്ങി. 17 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 30 റണ്‍സാണ് താരം നേടിയത്. റീസയും മാര്‍ക്രവും നടത്തിയ പ്രകടനം പിന്തുടര്‍ന്ന് ഡേവിഡ് മില്ലര്‍ 17 (12) റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ് 14 (12) റണ്‍സും ഏന്‍ഡ്‌ലി 10 (4) റണ്‍സും നേടി ടീമിനെ വിജയത്തിലെത്തിച്ചു.

തുടക്കത്തില്‍ ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളിനെയും ശുഭ്മന്‍ ഗില്ലിനെയും പൂജ്യം റണ്‍സിന് നഷ്ടപ്പെട്ട് ഇന്ത്യ സമ്മര്‍ദത്തിലായിരുന്നു. ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മധ്യ നിരയില്‍ ഇറങ്ങിയ റിങ്കു സിങ്ങുമാണ്. 36 പന്തില്‍ നിന്ന് മൂന്ന് സിക്സറുകളും അഞ്ച് ബൗണ്ടറികളും അടക്കം 56 റണ്‍സ് ആണ് ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. 39 പന്തില്‍ രണ്ട് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും ഉള്‍പ്പെടെ 68 റണ്‍സ് നേടിയാണ് റിങ്കു മികവ് തെളിയിച്ചത്.

 

Content Highlight: Surya clarified the reason for the defeat