|

ജ്യോതിക ഗ്രേസ്മാര്‍ക്ക് തരാത്ത കണിശക്കാരിയായ കോളേജ് പ്രൊഫസറെപ്പോലെയെന്ന് സൂര്യ; തന്റെ അഭിനയം മോശമായാലും അത് പറയാന്‍ സൂര്യ പേടിക്കാറുണ്ടെന്ന് ജ്യോതിക; സിനിമാ വിശേഷങ്ങള്‍ പറഞ്ഞ് താരദമ്പതികള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ ചര്‍ച്ചാ വിഷയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീം. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്തിട്ടുള്ള ഈ സിനിമ, കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ട് പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്.

ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കൊപ്പം തങ്ങളുടെ അഭിനയ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് താരദമ്പതികളായ സൂര്യയും ജ്യോതികയും. ഇരുവരും ജയ് ഭീമിന്റെ നിര്‍മാതാക്കള്‍ കൂടിയാണ്.

ഫിലിം കംപാനിയന്‍ ചാനലിന് വേണ്ടി അനുപമ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൂര്യയും ജ്യോതികയും. ഇതിനിടെ തങ്ങളുടെ അഭിനയത്തെക്കുറിച്ചും സിനിമയുടെ കാര്യത്തില്‍ പരസ്പരം അഭിപ്രായങ്ങള്‍ പറയുന്നതിനെക്കുറിച്ചും താരങ്ങള്‍ സംസാരിച്ചു.

സൂര്യയുടെ അഭിനയത്തെക്കുറിച്ച് ഒരു വിമര്‍ശകയെ പോലെ സത്യസന്ധമായി അഭിപ്രായം പറയാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ”ഞങ്ങള്‍ പരസ്പരം എല്ലാം വളരെ തുറന്ന് സംസാരിക്കുന്നവരാണ്. ഒരു സിനിമയുമായി കരാറിലെത്തുന്നത് മുതല്‍ തന്നെ അതങ്ങനെയാണ്.

യോജിപ്പും വിയോജിപ്പും ഒക്കെ ഉണ്ടാവാറുണ്ട്. സ്വയം എന്താണോ വിശ്വസിക്കുന്നത് അതനുസരിച്ച് സ്വന്തം വഴി തെരഞ്ഞെടുക്കാറുമുണ്ട്,” എന്നായിരുന്നു ജ്യോതികയുടെ മറുപടി. ഇതിനെ കമന്റ് ചെയ്തുകൊണ്ടാണ് സൂര്യയുടെ രസകരമായ മറുപടി വന്നത്.

”ജ്യോതിക കോളേജിലെ കണിശക്കാരിയായ പ്രൊഫസറെപ്പോലെയാണ്. ഒരിക്കലും നിങ്ങള്‍ക്ക് ഗ്രേസ്മാര്‍ക്ക് ലഭിക്കില്ല. ഈ പ്രൊഫസറെ ഇംപ്രസ് ചെയ്യാന്‍ പറ്റില്ല,” സൂര്യ ചിരിച്ചുകൊണ്ട് പറഞ്ഞു.

”സൂര്യ നല്ലൊരു നടനാണ്. വളരെ നല്ലൊരു ഷോട്ട് എടുത്താല്‍ പോലും, അതില്‍ പിന്നേയും മാറ്റം വരുത്താമായിരുന്നു എന്ന് പറഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ ഒരു ശരാശരി ഷോട്ട് എടുത്താല്‍ പോലും, അടിപൊളിയായി ചെയ്തു എന്നായിരിക്കും ഞാന്‍ പറയുക. ഞങ്ങള്‍ എല്ലാത്തിലും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ്,” ജ്യോതിക പറഞ്ഞു.

”ജ്യോതികയ്ക്ക് അവളുടെ ആദ്യത്തെ ടേക്ക് തന്നെ ഇഷ്ടമായിരിക്കും. എന്നാല്‍ എനിക്ക് അവസാനത്തെ ടേക്ക് ആയിരിക്കും ഇഷ്ടപ്പെടുക,” സൂര്യ കൂട്ടിച്ചേര്‍ത്തു.

എന്റെ പെര്‍ഫോമന്‍സ് മോശമാണെങ്കില്‍ പോലും അത് തുറന്ന് പറയാന്‍ സൂര്യയ്ക്ക് ഇത്തിരി പേടിയുണ്ട്. അത് ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയിലെ കാര്യമാണെന്ന് ജ്യോതിക ചിരിച്ചുകൊണ്ട് പറഞ്ഞപ്പോള്‍ എല്ലാ വാദപ്രതിവാദങ്ങള്‍ക്കുമൊടുവിലെ പഞ്ച്‌ലൈന്‍ എപ്പോഴും ജ്യോതികയുടേതായിരിക്കും എന്നായിരുന്നു സൂര്യയുടെ മറുപടി.

നവംബര്‍ 2ന് ആമസോണ്‍ പ്രൈമിലാണ് ജയ് ഭീം റിലീസ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഇരുള സമുദായത്തിലെ ജനങ്ങള്‍ അനുഭവിച്ച പൊലീസ് ക്രൂരതയെ കുറിച്ചാണ് സിനിമ പറയുന്നത്.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ചന്ദ്രു 1993ല്‍ അഭിഭാഷകനായിരിക്കെ ഒരു ആദിവാസി സ്ത്രീക്ക് വേണ്ടി നടത്തിയ കേസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജയ് ഭീം തയ്യാറാക്കിയിരിക്കുന്നത്.

സൂര്യയെക്കൂടാതെ പ്രകാശ് രാജ്, മലയാളി താരങ്ങളായ രജിഷ വിജയന്‍, ലിജി മോള്‍ ജോസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Surya and Jyothika talks about their film life

Video Stories