തമിഴ് നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകളുമായി നടൻ സൂര്യ. പുതിയ ചിത്രം കങ്കുവയുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയുടെ പുതിയ കാൽവെപ്പിന് സൂര്യ ആശംസകൾ പറഞ്ഞത്. തന്റെ ഒരു സുഹൃത്ത് പുതിയ വഴിയിൽ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നും സൂര്യ പറഞ്ഞു.
ഇതിന് പിന്നാലെ വിജയ് ആരാധകരടക്കം സൂര്യയുടെ വാക്കുകൾ ഏറ്റെടുത്തൊരിക്കുകയാണ്. ഉദയനിധി സ്റ്റാലിനെ കുറിച്ചും സൂര്യ ചടങ്ങിനിടയിൽ സംസാരിച്ചു.
വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന് നടക്കും. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ 85 ഏക്കറിൽ തയാറാക്കിയ പ്രത്യേക വേദിയിൽ വൈകുന്നേരമാണ് യോഗം.
അതേസമയം തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. രണ്ടര വര്‍ഷത്തിന് ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശിവയാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയില്‍ സൂര്യ ഇരട്ടവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം ബോബി ഡിയോളാണ്. ബോബിയുടെ തമിഴ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. ഉദിരന്‍ എന്ന കഥാപാത്രമായാണ് ബോബി കങ്കുവയില്‍ വേഷമിടുന്നത്.
അവസാനമിറങ്ങിയ വിജയ് ചിത്രം ഗോട്ട് സമ്മിശ്ര പ്രതികരണമായിരുന്നു എല്ലാ കേന്ദ്രങ്ങളിൽ നിന്നും നേടിയത്. വിജയ് ഇരട്ട വേഷത്തിൽ എത്തിയ ചിത്രം വെങ്കട് പ്രഭുവായിരുന്നു സംവിധാനം ചെയ്തത്. പ്രഭുദേവ, ജയറാം, സ്നേഹ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിൽ തൃഷ, ശിവകാർത്തികേയൻ തുടങ്ങിയവർ ഗസ്റ്റ് റോളിൽ എത്തിയിരുന്നു.