| Saturday, 6th November 2021, 11:09 am

ജയ് ഭീം എന്ന പേര് പാ രഞ്ജിത് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു, ആ ടൈറ്റില്‍ ഞങ്ങള്‍ക്ക് തരാമോയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി അത്ഭുതപ്പെടുത്തി: സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടി.ജെ. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങി, സൂര്യ നിര്‍മിച്ച് അഭിനയിച്ച കോര്‍ട്ട് റൂം ഡ്രാമാ ജോണറിലെ പുതിയ ചിത്രമാണ് ജയ് ഭീം. ചിത്രത്തിന് ‘ജയ് ഭീം’ എന്ന പേര് കിട്ടിയതിനെ കുറിച്ച് പറയുകയാണ് സൂര്യ ഇപ്പോള്‍. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കുന്നത്.

ചിത്രത്തിന്റെ പേരിന് തങ്ങള്‍ കടപ്പെട്ടിരിക്കുന്നത് സംവിധായകന്‍ പാ രഞ്ജിത്തിനോടാണെന്നാണ് സൂര്യ പറയുന്നത്.

‘ ചിത്രത്തിന് ജയ് ഭീം എന്ന പേര് നിശ്ചയിച്ച ശേഷമാണ് സംവിധായകന്‍ പാ രഞ്ജിത് ആ പേര് രജിസ്റ്റര്‍ ചെയ്തതായി അറിയുന്നത്. അങ്ങനെ ഞാന്‍ അദ്ദേഹത്തേട് ഇക്കാര്യം സംസാരിക്കുകയായിരുന്നു.

ഞങ്ങള്‍ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നുണ്ട്, സിനിമയ്ക്ക് ജയ് ഭീം എന്ന് പേര് നല്‍കാം എന്ന് കരുതുമ്പോഴാണ് താങ്കള്‍ നേരത്തെ ആ പേര് ബുക്ക് ചെയ്തത് അറിയുന്നത്. ആ ടൈറ്റില്‍ ഞങ്ങള്‍ക്ക് തരാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു.

എന്നാല്‍ ഇത് എല്ലാത്തിനും ചേര്‍ന്ന, എല്ലാ വിഷയവും സംസാരിക്കാന്‍ പറ്റിയ ടൈറ്റിലാണെന്നും, നിങ്ങള്‍ ധൈര്യമായി എടുത്തുകൊള്ളൂ എന്ന് അദ്ദേഹം പറയുകയായിരുന്നു.

രണ്ടാമതൊന്ന് ചിന്തിക്കാതെയാണ് നിങ്ങളത് എടുത്തോളൂ സാര്‍ എന്ന് പാ രഞ്ജിത് പറഞ്ഞത്. അതെന്നെ അത്ഭുതപ്പെടുത്തി. ഒരു സിനിമ ചെയ്യുമ്പോള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട എല്ലാം ആ സിനിമയ്ക്ക് വേണ്ടി മാറ്റി വെക്കുന്നവരാണ് നമ്മള്‍. എന്നാല്‍ അദ്ദേഹത്തിന്റെ വലിയ മനസ് കാരണമാണ് ആ പേര് കിട്ടിയത്,’ സൂര്യ പറയുന്നു.

1993-95 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഹൈക്കോടതി ജഡ്ജിയായി റിട്ടേയ്ഡ് ചെയ്ത ജസ്റ്റിസ് ചന്ദ്രു എഴുതിയ Listen to my Case എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

സൂര്യയുടെ കരിയറിലെ 39ാം ചിത്രമാണ് ജയ് ഭീം. ചിത്രത്തില്‍ അഭിഭാഷകനായ ചന്ദ്രുവിന്റെ റോള്‍ ആണ് സൂര്യ അവതരിപ്പിക്കുന്നത്.

മണികണ്ഠനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രകാശ് രാജ്, ലിജോമോള്‍, രജിഷ വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു.

2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. എസ്. ആര്‍. കതിര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍പറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Surya about Pa Ranjith and the Jai Bhim title

We use cookies to give you the best possible experience. Learn more