മത്സരബുദ്ധിയോടെയാണ് ഞാൻ ജീവിച്ചത് അത് മാറ്റിയത് കാർത്തിയാണ്: സൂര്യ
Film News
മത്സരബുദ്ധിയോടെയാണ് ഞാൻ ജീവിച്ചത് അത് മാറ്റിയത് കാർത്തിയാണ്: സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th November 2023, 4:02 pm

കാർത്തി പ്രധാന വേഷത്തിലെത്തുന്ന രാജു മുരുഗൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജപ്പാൻ. കാർത്തിയുടെ കരിയറിലെ ഇരുപത്തിയഞ്ചാമത് ചിത്രം കൂടിയാണിത്. കാർത്തിയുടെ 25മത്തെ ചിത്രത്തിന്റെ ആഘോഷ വേളയിലാണ് ജപ്പാനിലെ ഒഫീഷ്യൽ ട്രയ്ലർ സൂര്യ ലോഞ്ച് ചെയ്യുന്നത്. വേദിയിൽ സൂര്യ കാർത്തിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

ജീവിതത്തെ മത്സരബുദ്ധിയോടെ കാണാതെ സമാധാനത്തോടെ കാണാൻ വേണ്ടി കാർത്തി പഠിപ്പിച്ചെന്നും ജപ്പാനിലെ കഥ തനിക്ക് ഇഷ്ടമായെന്നും സൂര്യ പറഞ്ഞു. ജപ്പാൻ കാർത്തിയുടെ 25ാ മത്തെ പടമാണെന്നും തന്റെ 25ാമത്തെ പടം സിംഗമായിരുന്നെന്നും സൂര്യ കൂട്ടിച്ചേർത്തു.

‘ഈയൊരു കാര്യം ശരിക്കും മനസ്സിലാക്കാൻ ആയിട്ട് ഞാൻ കുറച്ച് സമയമെടുത്തു. കരിയറിലെ ഓരോ സമയത്തും അത് ചെയ്യണം ഇത് ചെയ്യണം ജയിക്കണം എന്ന മത്സരമാണെന്ന് വിചാരിച്ചു. ജീവിതത്തെ മത്സരബുദ്ധിയോടെ കാണാതെ സമാധാനത്തോടെ കാണാൻ വേണ്ടി പഠിപ്പിച്ചു. കരിയർ നോക്കണം അമ്മയെ അച്ഛനെയും നോക്കണം കൂട്ടുകാരെയും നോക്കണം അതുപോലെതന്നെ നമ്മുടെ സമൂഹത്തെയും നോക്കണം തുടങ്ങിയ കാര്യങ്ങൾ ചെയ്യണമെന്ന് ഞാൻ കരുതിയിരുന്നു.

പക്ഷേ എനിക്ക് മുമ്പേ അത് ചെയ്യുന്നത് കാർത്തിയാണ്. ജപ്പാനിലെ കഥയും ബാക്കി എല്ലാം എനിക്ക് നന്നായിട്ട് ഇഷ്ടമായതാണ്. ജപ്പാൻ കാർത്തിയുടെ 25ാമത്തെ പടം ആണ് എനിക്ക് സിങ്കം 25ാമത്തെ പടമായിരുന്നു. ഞാൻ ജപ്പാന്റെ എല്ലാ ടീമിനും നല്ല ഒരു വിജയം ആശംസിക്കുന്നു. കാർത്തിയുടെ ഇരുപത്തിയഞ്ചാമത്തെ പടം ഇത്രയും ഗംഭീരമായി ആഘോഷിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളെല്ലാവരും വന്ന് അനുഗ്രഹിക്കുന്ന പോലെ ഉണ്ട്. ഈ സമയത്തിനും ഈ വേദിക്കും, ഈ അവസരം എനിക്ക് തന്നതിനും ഒരുപാട് നന്ദി,’ സൂര്യ പറഞ്ഞു.

‘ഹേയ് വാട’ എന്ന് വിളിച്ചാണ് സൂര്യ കാർത്തിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. ജപ്പാൻ സിനിമയുടെ ട്രൈലെർ വേദിയിൽ വെച്ച് സൂര്യ ലോഞ്ച് ചെയ്തു. തന്റെ അനിയന്റെ വളച്ചയിൽ താൻ അഭിമാനം കൊള്ളുന്നുവെന്ന് സൂര്യ വേദിയിൽ വെച്ച് പറഞ്ഞിരുന്നു. കാർത്തിയുടെ ഓരോ കഥാപാത്രത്തിലും വ്യത്യസ്തത കൊണ്ടുവരാറുണ്ടെന്നും സൂര്യ കൂട്ടിച്ചേർത്തു.

ചിത്രം നവംബർ 10ന് തിയേറ്ററുകളിലേക്കെത്തും. ഫോർ എന്റർടൈൻമെന്റ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്‌.ആർ. പ്രകാശ് ബാബു, എസ്‌. ആർ പ്രഭു എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഒരു കോമഡി ത്രില്ലർ ആയാണ് ഒരുങ്ങുന്നത്. ലുക്കിലും സൗണ്ടിലുമെല്ലാം മാറ്റം വരുത്തിയാണ് കാർത്തി സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. മാലിക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം സനൽ അമനോടൊപ്പം തെലുങ്ക് നടൻ സുനിലും ജപ്പാനിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

കേരളത്തിൽ വലിയ രീതിയിൽ ആരാധകരുള്ള താരമാണ് കാർത്തി. ഈയിടെ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരം കേരളത്തിൽ എത്തിയിരുന്നു.

Content Highlight: Surya about his brother karthi