| Tuesday, 8th March 2022, 6:49 pm

മമ്മൂക്കയുടെ സിനിമ റീമേക്ക് ചെയ്യുന്നതിനെ പറ്റി അമല്‍ സംസാരിച്ചിരുന്നു; ഭീഷ്മ പര്‍വ്വം കാണുമെന്ന് സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റെക്കോര്‍ഡുകള്‍ ഭേദിച്ച് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം തിയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന് പുറത്തേക്കും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ തമിഴ് സൂപ്പര്‍ താരം സൂര്യയും ഭീഷ്മ പര്‍വ്വത്തെ അഭിനന്ദിച്ചിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ എതിര്‍ക്കും തുനിന്തവന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയ താരം മാധ്യമങ്ങളെ കാണുകയായിരുന്നു.

‘ഇതുവരെ ഭീഷ്മ പര്‍വ്വം കാണാന്‍ പറ്റിയില്ല. അമല്‍ നീരദ് ഒരിക്കല്‍ വന്ന് കഥ പറഞ്ഞിരുന്നു, അതിന് ശേഷം പിന്നെ കഥ പറഞ്ഞിട്ടില്ല. അമല്‍ വന്നാല്‍ തീര്‍ച്ചയായും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്നുണ്ട്. ഇന്ന് സമയം കിട്ടുകയാണെങ്കില്‍ തിയേറ്ററില്‍ പോയി കാണും. സിനിമയുടെ ട്രെയ്‌ലര്‍ വളരെ നന്നായിട്ടുണ്ട്. കാറില്‍ വന്നപ്പോള്‍ ഭീഷ്മ പര്‍വ്വത്തെ പറ്റി സംസാരിച്ചിരുന്നു. അമല്‍ നീരദിനെ ചെന്നൈയില്‍ വെച്ച് കണ്ടിരുന്നു.

മമ്മൂക്കയുടെ ഒരു സിനിമ റീമേക്ക് ചെയ്യുന്നതിനെ പറ്റി സംസാരിച്ചിരുന്നു. പിന്നീട് അതിനെ പറ്റി സംസാരിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തെ വിളിച്ച് ചോദിക്കും അടുത്തെങ്ങാനും നമുക്ക് ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിക്കുമോയെന്ന്,’ സൂര്യ പറഞ്ഞു.

നടി അക്രമിക്കപ്പെട്ട കേസിലും അദ്ദേഹം അഭിപ്രായം പറഞ്ഞു. ‘ഇങ്ങനെയൊന്ന് നടക്കാന്‍ പാടില്ലാത്തതാണ്. കേസിന്റെ എല്ലാ വിശദാംശങ്ങളും എനിക്കറിയില്ല. അതുകൊണ്ട് കൂടുതല്‍ വിശദീകരിച്ച് പറയാന്‍ സാധിക്കില്ല. നമ്മുടെ സമൂഹത്തില്‍ ഒരു സ്ത്രീക്ക് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഈ ആധുനിക സമൂഹത്തില്‍ ഇങ്ങനെയൊന്ന് നടക്കാന്‍ പാടില്ലാത്തതാണ്. നടക്കാതെ നമ്മള്‍ നോക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മാര്‍ച്ച് 10നാണ് സൂര്യയുടെ ഇ.റ്റി തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം എത്തുന്നത്. സൂര്യയുടെ നാല്‍പതാമത്തെ ചിത്രമാണ് എതിര്‍ക്കും തുനിന്തവന്‍.


Content Highlight: surya about bheeshma parvam

We use cookies to give you the best possible experience. Learn more