തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച അനൗണ്‍സ്‌മെന്റായിരുന്നു സൂര്യയുടെ 44ാം സിനിമയുടേത്. തമിഴിലെ മികച്ച സംവിധായകരിലൊരാളായ കാര്‍ത്തിക് സുബ്ബരാജാണ് സൂര്യ 44ന്റെ സംവിധായകന്‍. ജിഗര്‍തണ്ട ഡബിള്‍ എക്‌സിന് ശേഷം കാര്‍ത്തിക് ഒരുക്കുന്ന ചിത്രമാണ് ഇത്. സൂരറൈ പോട്രിന് ശേഷം സൂര്യയും സുധാ കൊങ്കരയും ഒന്നിക്കുന്ന ചിത്രം വൈകുന്ന വേളയിലാണ് കാര്‍ത്തിക് സുബ്ബരാജുമായി താരം കൈകോര്‍ക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകരെയും നിര്‍മാതാക്കാള്‍ വെളിപ്പെടുത്തി. ലവ്, ലാഫ്റ്റര്‍, വാര്‍ (പ്രണയം, ചിരി, യുദ്ധം) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ജഗമേ തന്തിരം, മഹാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാര്‍ത്തിക്കും ശ്രേയസും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഭ്രമയുഗം, ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ ഷഫീക് മുഹമ്മദ് അലിയാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഷഫീക്കിന്റെ മൂന്നാമത്തെ തമിഴ് സിനിമയാണിത്.
വിശ്വരൂപം, തുപ്പാക്കി, 18ാം പടി, ബില്ല 2, ജവാന്‍ എന്നീ സിനിമകള്‍ക്ക് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ച കേച്ച കംപക്‌ദേയാണ് സൂര്യ 44ന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ജിഗര്‍തണ്ട ഡബിള്‍ എക്‌സിന് വേണ്ടി 1970കളിലെ മധുരയെ പുനഃസൃഷ്ടിച്ച ജാക്കിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മഹാന്‍ ലിയോ എന്നീ സിനിമകളുടെ വസ്ത്രാലങ്കാരം നിര്‍വഹിച്ച പ്രവീണ്‍ രാജയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.
സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി പ്രൊഡക്ഷന്‍സും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ച് പിക്‌ചേഴ്‌സുമാണ് ചിത്രം നിര്‍മിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ സന്തോഷ് നാരയണനാണ് സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. ഉറിയടി, ഫൈറ്റ് ക്ലബ്ബ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ വിജയ് കുമാര്‍ ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.