| Saturday, 1st June 2024, 9:21 pm

എന്റമ്മോ! ഇത് കൊലകൊല്ലി ഐറ്റം തന്നെയാണല്ലോ, ജയറാമിനെയും ജോജുവിനെയും കൂടെ കൂട്ടി കാര്‍ത്തിക് സുബ്ബരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച അനൗണ്‍സ്‌മെന്റായിരുന്നു സൂര്യയുടെ 44ാം സിനിമയുടേത്. തമിഴിലെ മികച്ച സംവിധായകരിലൊരാളായ കാര്‍ത്തിക് സുബ്ബരാജാണ് സൂര്യ 44ന്റെ സംവിധായകന്‍. ജിഗര്‍തണ്ട ഡബിള്‍ എക്‌സിന് ശേഷം കാര്‍ത്തിക് ഒരുക്കുന്ന ചിത്രമാണ് ഇത്. സൂരറൈ പോട്രിന് ശേഷം സൂര്യയും സുധാ കൊങ്കരയും ഒന്നിക്കുന്ന ചിത്രം വൈകുന്ന വേളയിലാണ് കാര്‍ത്തിക് സുബ്ബരാജുമായി താരം കൈകോര്‍ക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന താരങ്ങളെക്കുറിച്ചുള്ള അനൗണ്‍സ്‌മെന്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. തെന്നിന്ത്യന്‍ താരം പൂജ ഹെഗ്‌ഡേയാണ് ചിത്രത്തില്‍ സൂര്യയുടെ നായിക. ഇവര്‍ക്ക് പുറമെ മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇതാദ്യമായാണ് ജയറാം സൂര്യയോടൊപ്പം അഭിനയിക്കുന്നത്. ഹ്യൂമറിന്ഡറെയും ബഹുമുഖതയുടെയും പര്യായമായ നടന് സൂര്യ 44ലേക്ക് സ്വാഗതം എന്ന ക്യാപ്ഷനോടെയാണ് ജയറാമിനെക്കുറച്ചുള്ള അനൗണ്‍സ്‌മെന്റ് പുറത്തുവിട്ടത്.

അതേസമയം ജഗമേ തന്തിരത്തിന് ശേഷം ജോജുവും കാര്‍ത്തിക് സുബ്ബരാജും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലണ്ടനിലെ ഗ്യാങ്സ്റ്ററായ ശിവദാസ് എന്ന കഥാപാത്രമായാണ് ജോജു ജഗമേ തന്തിരത്തില്‍ എത്തിയത്. ജോജുവിന്റെ കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശിവദാസിന് മേലെ നില്‍ക്കുന്ന കഥാപാത്രമാകും കാര്‍ത്തിക് ഈ സിനിമയില്‍ ജോജുവിനായി ഒരുക്കിവെച്ചിരിക്കുന്നതെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കോമഡിയില്‍ തിളങ്ങി നില്‍ക്കുന്ന തമിഴ് താരം കരുണാകരനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കാര്‍ത്തിക്കിന്റെ ഹിറ്റ് ചിത്രമായ ജിഗര്‍തണ്ടയില്‍ കരുണാകരന്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും, സൂര്യയുടെ 2ഡി എന്റര്‍ടൈന്മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Content Highlight: Surya 44 cast update announced

We use cookies to give you the best possible experience. Learn more