ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തി, അന്വേഷണം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്; സര്‍ക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയില്‍
Kerala News
ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തി, അന്വേഷണം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്; സര്‍ക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd May 2022, 3:14 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗുരുതര ആരോപണങ്ങളുമായി അതിജീവിത. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്നും നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹരജിയില്‍ ആരോപിക്കുന്നു.

ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമം. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണത്തില്‍ നിന്ന് അവരെ ഒഴിവാക്കിയെന്നും അതിജീവിത ഹരജിയില്‍ പറഞ്ഞു.

കേസ് തിടുക്കത്തില്‍ അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹരജിയിലുണ്ട്.

കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണസംഘത്തിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുകയാണ്.

ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ്. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നും നടി കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞു.