രാംപൂര്‍: ബലാത്സംഗക്കേസില്‍ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ തന്നോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നു പരാതി പറഞ്ഞ യുവതിയെ യു.പി പൊലീസ് അറസ്റ്റു ചെയ്തു. “വഞ്ചനാക്കുറ്റം” ചുമത്തിയാണ് യുവതിയെ അറസ്റ്റു ചെയ്തു ജയിലിലടച്ചു.
രണ്ടുദിവസം മുമ്പാണ് തന്നോട് അന്വേഷണ ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവതി രാംപൂര്‍ സൂപ്രണ്ടിന് പരാതി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ സെക്‌സ് ആവശ്യപ്പെടുന്നതിന് തെളിവായി റെക്കോര്‍ഡിങ്ങും കൈമാറിയിരുന്നു.
ഇതിനു പിന്നാലെയാണ് യുവതിയെ ജയിലിലിട്ടത്. യുവതിയുടെ “കാമുകനെയും” പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
യുവതിയുടെ ആരോപണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ യാതൊരു അന്വേഷണം നടത്തിയിട്ടില്ല എന്നിരിക്കെയാണ് വഞ്ചനാക്കേസില്‍ അവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. യുവതി സമര്‍പ്പിച്ച സി.ഡി ഇതുവരെ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടില്ല.
സി.ഡിയിലെ ശബ്ദം പെണ്‍കുട്ടിയുടെ കാമുകന്റേതാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്റേതല്ലെന്നുമാണ് പൊലീസ് വാദം.
മാത്രമല്ല യുവതിയുടെ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ചുമതല ആരോപണ വിധേയനായ ഉദ്യോഗസ്ഥന്റെ തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥനാണ്. രണ്ടുദിവസത്തിനുള്ളില്‍ ഇയാള്‍ അന്വേഷണം പൂര്‍ത്തിയാക്കിയെന്നാണ് പൊലീസ് അവകാശപ്പെടുന്നത്.
“ഈ കേസില്‍ ഫോറന്‍സിക് പരിശോധന ആവശ്യമില്ല. യുവതി ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിച്ച ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. അത് അവരുടെ കാമുകന്‍ വിളിച്ചതാണ്.” എന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച രവീന്ദ്ര പ്രതാപ് സിങ് പറയുന്നത്.
പൊലീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ യുവതിയും കാമുകനും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണിതെന്നാണ് രാംപൂര്‍ എസ്.പി വിപിന്‍ ടാഡ പറയുന്നത്.
രാംപൂര്‍ ഗന്‍ജ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്. പരാതി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നാണ് ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടത്. ഇതിനായി അയാള്‍ താമസിക്കുന്ന സ്ഥലത്തേക്ക് ഒറ്റക്ക് ചെല്ലാനും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത് നിരസിച്ചതോടെ അന്ന് വൈകുന്നേരം തന്നെ കേസന്വേഷണം അവസാനിപ്പിച്ചതായി കാണിച്ച് ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നെന്നും യുവതി പരാതിപ്പെട്ടിരുന്നു.
ഉത്തര്‍പ്രദേശിലെ രാംപൂരില്‍ ഈ വര്‍ഷമാദ്യം ബലാത്സംഗത്തിനിരയായ 37കാരിക്കാണ് പൊലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്. ഫെബ്രുവരി 12ന് ബന്ധുവീട്ടില്‍ പോയി വരും വഴിയാണ് ഇവരെ പരിചയമുള്ള ഒരാളടക്കം രണ്ടു പേര്‍ ബലാത്സംഗം ചെയ്തത്.