| Monday, 21st February 2022, 10:51 am

അതിജീവിതയെ അകറ്റിനിര്‍ത്തുന്നതാണ് കുറ്റകൃത്യം, നടി മുഖ്യധാരയിലേക്ക് വരണം: ആഷിക് അബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടിയെ ആക്രമിച്ച കേസില്‍ കാലതാമസം നേരിടുന്നുവെന്ന് സംവിധായകന്‍ ആഷിക് അബു. വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ട്. അന്തിമമായി നടിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആഷിക് അബു പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആഷിക് അബുവിന്റെ പ്രതികരണം. ആഷികിനൊപ്പം ടൊവിനോ തോമസും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

‘നീതി ലഭിക്കുന്നത് ഇപ്പോള്‍ തന്നെ വൈകിയിരിക്കുകയാണ്. എന്നാല്‍ നിഷേധിക്കപ്പെട്ടിട്ടില്ല. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. നമ്മുടെ നീതിന്യായവ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്. വളരെ താല്‍പര്യത്തോടെ ഇക്കാര്യങ്ങള്‍ ഫോളോ ചെയ്യുന്നുണ്ട്.

സര്‍ക്കാര്‍ മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ട്. അതിജീവിത ഇനി ഒളിച്ചിരിക്കരുത്. അവര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. അതിജീവിത മുഖ്യധാരയിലേക്ക് വരണം. സാധാരണപെണ്‍കുട്ടികളെ പോലെ അവരെയും കാണണം.

സുപ്രീം കോടതി വരെ പോകാന്‍ സാധ്യതയുള്ള കേസാണ് ഇത്. സത്യം പുറത്ത് വരാന്‍ സാധ്യതയുള്ള കേസാണ്. അത് മൂടിവെക്കാന്‍ പറ്റില്ല. അതിജീവിതയെ അകറ്റിനിര്‍ത്തുന്നതാണ് കുറ്റകൃത്യം എന്നാണ് എനിക്ക് തോന്നുന്നത്,’ ആഷിക് പറഞ്ഞു.

അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ അമ്മ സംഘടനയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായമെന്ന് ടൊവിനോ തോമസ് പറഞ്ഞു. അമ്മയില്‍ തീരുമാനങ്ങളെടുക്കുന്നത് താനല്ലെന്നും എന്നാല്‍ തന്റെ അഭിപ്രായം പറയുമെന്നും ടൊവിനോ പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. ഹരജിയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി ഇന്ന് കക്ഷി ചേരല്‍ അപേക്ഷ നല്‍കും.


Content Highlight: survivor should come to the mainstream said Aashiq Abu

We use cookies to give you the best possible experience. Learn more