വിജയ് ബാബുവിനെതിരായി മൊഴി നല്‍കിയതിന് ശേഷം പൊലീസുകാരി സെല്‍ഫി തരാമോയെന്നു ചോദിച്ചത് തന്നെ ഞെട്ടിച്ചുവെന്ന് അതിജീവിത. തേവര പോലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ മാന്യമായാണ് പെരുമാറിയതെന്നും എന്നാല്‍ മെഡിക്കല്‍ ചെക്കപ്പിന് ചെന്നപ്പോള്‍ ഡോക്ടര്‍ പരുഷമായി പെരുമാറിയെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അതിജീവിത പറഞ്ഞു.
‘തേവര പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ വളരെ മാന്യമായാണ് പെരുമാറിയത്. സി.ഐ, കമ്മീഷണര്‍ എന്നിവരെല്ലാം വലിയ പിന്തുണയാണ് നല്‍കിയത്. മെഡിക്കല്‍ ചെക്കപ്പിന് പോയ സ്ഥലത്തെ ഡോക്ടര്‍ വളരെ പരുഷമായാണ് പെരുമാറിയത്. അയാളുടെ പേരെന്താ, എത്ര പേരുണ്ടായിരുന്നു റേപ് ചെയ്യാന്‍… എന്നൊക്കെ ഒട്ടും സെന്‍സിറ്റീവ് അല്ലാത്ത ടോണിലാണ് ചോദിച്ചത്. എനിക്ക് പേര് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എഴുതി കൊടുക്കാന്‍ പറഞ്ഞു. എഴുതി കൊടുത്തത് വിജയ് എന്ന് അവര്‍ ഉറക്കെ വായിച്ചു.
വനിതാ പോലീസുദ്യോഗസ്ഥയും മോശമായാണ് പെരുമാറിയത്. സി.ഐയുടെ മുന്നില്‍വെച്ചാണ് റേപ്പിനെ കുറിച്ച് വിവരണാത്മകമായി അവര്‍ എന്നെ സംസാരിക്കാന്‍ പ്രേരിപ്പിച്ചത്. എന്റെ അസ്വസ്ഥത മനസ്സിലാക്കി സി.ഐ. അവിടുന്ന് മാറിപ്പോവുകയായിരുന്നു. മൊഴിയെല്ലാം കൊടുത്തു ഒപ്പും വാങ്ങിയ ശേഷം സെല്‍ഫി തരുമോ എന്ന പോലീസുദ്യോഗസ്ഥയുടെ ചോദ്യമാണ് എന്നെ ഞെട്ടിച്ചത്. നിങ്ങളെന്നോട് ഇപ്പോള്‍ സെല്‍ഫിയാണോ ചോദിച്ചത് എന്ന് ഞാന്‍ ഞെട്ടലോടെ അവരോട് തിരക്കി. അതെ, എന്റെ മോള്‍ നിങ്ങളുടെ ഫാന്‍ ആണെന്ന് പറഞ്ഞ് എന്നെ സെല്‍ഫിക്കായി നിര്‍ബന്ധിച്ചു,’ അതിജീവിത പറഞ്ഞു.
എന്താണ് റേപ്പ്, ഏതെല്ലാമാണ് റേപ്പെന്ന് ഇര തന്നെ പഠിപ്പിച്ചു കൊടുക്കേണ്ട അവസ്ഥയാണുള്ളതെന്നും നോ എന്നാല്‍ നോ ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പരാതി നല്‍കിയതിന് പിന്നാലെ വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ വലിയ തരത്തിലുള്ള സൈബര്‍ അറ്റാക്കാണ് നടന്നത്. ഏതെങ്കിലും ഒരു ഘട്ടത്തില്‍ ജനം പേര് തിരിച്ചറിയാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകര്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ വിജയ് ബാബു പേര് പറഞ്ഞ് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യചെയ്യുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്നും ഈ അഭിമുഖത്തില്‍ അതിജീവിത പറഞ്ഞിരുന്നു.
Content Highlight: Survivor says he was shocked when a police officer asked for a selfie after taking statement against Vijay Babu