കോഴിക്കോട്: പരാതി നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ മോശം അനുഭവമായിരുന്നു സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ഉണ്ടായതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ പീഡനം നേരിട്ട അതിജീവിത. ആദ്യം വനിതാകമ്മീഷനില്‍ നിന്ന് പോലും നീതി കിട്ടിയില്ലെന്നും പരാതി നല്‍കാന്‍ പോയപ്പോള്‍ മാസ്‌ക് മാറ്റി മുഖം കാണിക്കാന്‍ പോലും പറഞ്ഞ ഉദ്യോഗസ്ഥരുണ്ടായിരുന്നെന്നും പരാതിക്കാരി പറഞ്ഞു.
ആരോഗ്യ പ്രശ്‌നങ്ങളുള്ള സമയത്താണ് കേസിന്റെ നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്നും അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘നീതി കിട്ടിയില്ല. പ്രതിയെ സഹായിച്ചവരെ ജോലിയിലേക്ക് തിരിച്ചെടുത്തിരുന്നു. എന്നാല്‍ ഞാന്‍ പ്രതികരിച്ച ശേഷമാണ് ആ ഉത്തരവ് പോലും മരവിപ്പിച്ചത്.
പല ആളുകള്‍ക്കും ഇത്തരം അനുഭവമുണ്ടായിട്ടും മൂടിവെക്കപ്പെട്ടതാകാം. പ്രതികരിക്കണം എന്നാണ് എന്റെ നിലപാട്.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
കഴിഞ്ഞ തവണ വനിതാ കമ്മീഷന്റെ സിറ്റിങ്ങിനായി പോയപ്പോള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാസ്‌ക് താഴ്ത്തി മുഖം കാണാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ മോശമായി പെരുമാറുമ്പോള്‍ സങ്കടമുണ്ട്. സാധാരണ കേസെന്ന മട്ടിലാണ് ഇതിനെ സമീപിക്കുന്നത്,’ അതിജീവിത പറഞ്ഞു.
തനിക്ക് വേണ്ടിയല്ല സമൂഹത്തിലെ മറ്റ് സ്ത്രീകള്‍ക്ക് കൂടി വേണ്ടിയാണ് തന്റെ നിയമപോരാട്ടമെന്നും അത് തുടരുമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചിലാണ് ശസ്ത്രക്രിയക്ക് ശേഷം ഐ.സി.യു.വില്‍ മയക്കത്തിലായിരുന്ന യുവതിയെ മെഡിക്കല്‍ കോളേജിലെ അറ്റന്‍ഡര്‍ ഗ്രേഡ് ഒന്ന് എം.എം. ശശീന്ദ്രന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായുള്ള പരാതിയുള്ളത്. പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും നടപടികള്‍ വൈകിപ്പിച്ചെന്നാണ് പരാതി.
അതേസമയം, സംഭവത്തില്‍ വനിതാകമ്മിഷന് റിപ്പോര്‍ട്ടുനല്‍കിയതായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്‍. അശോകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖാന്തരമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ചികിത്സയിലിരിക്കെ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ അഞ്ചുജീവനക്കാരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പള്‍ റദ്ദാക്കിയിരുന്നു.
Content Highlight: Survivor said Bad experiences when making a complaint tortured in the Medical College ICU