കോഴിക്കോട്: ബലാത്സംഗ കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം നല്‍കിയ കോടതി വിധിയില്‍ നിരാശയെന്ന് അതിജീവിതയുടെ പിതാവ്. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തുമാകാമെന്ന ചിന്തയാണ് വിജയ് ബാബുവിനെന്നും അദ്ദേഹം പറഞ്ഞു. പരാതി പിന്‍വലിപ്പിക്കാന്‍ അതിജീവിതയുടെ വിദേശത്തുള്ള സഹോദരിയെ സ്വാധീനിക്കാന്‍ വിജയ് ബാബു ശ്രമിച്ചെന്നും പിതാവ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ മകള്‍ ബോള്‍ഡായത് കൊണ്ടാണ് പ്രതിയുടെ സ്വാധീനങ്ങള്‍ ഭയക്കാതെ പരാതി നല്‍കിയതെന്നും ആഭാസത്തരം കാണിക്കുന്നവര്‍ക്ക് ആഭാസം കാണിക്കാനുള്ള പിന്‍ബലമാണ് ഈ മുന്‍കൂര്‍ ജാമ്യത്തിലൂടെ നല്‍കിയതെന്നും അതിജീവിതയുടെ പിതാവ് പറഞ്ഞു.
‘കോടതി വിധിയില്‍ വളരെയധികം നിരാശയുണ്ട്. നമ്മുടെ കുടുംബങ്ങളില്‍ അമ്മമാര്‍ക്കോ, സഹോദരിമാര്‍ക്കോ, പെണ്‍മക്കള്‍ക്കോ ഇങ്ങനെയുള്ള അനുഭവം ഉണ്ടാകുമ്പോള്‍ മാത്രമേ അതിന്റെ വേദന തിരിച്ചറിയാന്‍ കഴിയുകയുള്ളു.
കുറച്ച് പണവും സ്വാധിനവും രാഷ്ട്രീയപിന്‍ബവുമുണ്ടെങ്കില്‍ എന്തും ആകാം എന്ന ധാരണയാണ് ചില വ്യക്തികള്‍ക്കുള്ളത്. വിജയ് ബാബു ലൈവില്‍ വന്ന് പറഞ്ഞത് നമ്മള്‍ കണ്ടതാണ്. അതിജീവിത നിയമപരമായി
പൊലീസിലാണ് പരാതി നല്‍കിയത്. ഏതെങ്കിലും മീഡയയിലൂടെയല്ല അവര്‍ പ്രതികരിച്ചത്.
പക്ഷെ, വിജയ് ബാബു ചെയ്തത് ഹീനമായ പ്രവര്‍ത്തിയാണ്. തനിക്ക് പേടിയില്ലെന്ന് പറഞ്ഞ വിജയ് ബാബു പിന്നെയെന്തിനാണ് നാടുവിട്ടുപോയത്. പൊലീസിനെയും നിയമസംഹിതയേയും വെല്ലുവിളിച്ചാണ് അയാള്‍ പുറത്തുപോയത്. അതിജീവിതയുടെ പേര് പറഞ്ഞത് തന്നെയാണ് ഏറ്റവും വലിയ തെറ്റ്.
ഇത്തരത്തിലുള്ള ആഭാസത്തരം കാണിക്കുന്നവര്‍ക്ക് ആഭാസം കാണിക്കാനുള്ള പിന്‍ബലമാണ് ഈ മുന്‍കൂര്‍ ജാമ്യത്തിലൂടെ നല്‍കിയത്. കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മകളോട് ഞാന്‍ പറഞ്ഞിരുന്നു. കേസ് കൊടുക്കരുതെന്ന് പറഞ്ഞ് അയാള്‍ പെണ്‍കുട്ടിയുടെ കാല് പിടിച്ചത് എനിക്കറിയാം. അതിജീവിതയുടെ സഹോദരിയെ വിളിച്ച് കേസില്‍ നിന്ന് പിന്മാറാന്‍ പറഞ്ഞിരുന്നു. അതിന് കാശ് വാഗ്ദാനം ചെയ്തിരുന്നു. കുടുംബത്തിന്റെ വേദന മനസിലാക്കാന്‍ കോടതിക്ക് കഴിയുമോ എന്ന് അറിയില്ല. അതിജീവിതയുടെ കൂടെ ഏതറ്റം വരേയും കുടുംബം പോകും,’ അതിജീവിതയുടെ പിതാവ് പറഞ്ഞു.
CONTENT HIGHLIGHTS: Survivor’s father says he is disappointed with the High Court’s bail order for Vijay Babu in a rape case