പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന അതിജീവിതയുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല: പിണറായി വിജയന്‍
Kerala News
പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന അതിജീവിതയുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th February 2022, 9:29 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന അതിജവിതയുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പീഡന ദൃശ്യം കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ അതിജീവിത സുപ്രീംകോടതിയെ ഉള്‍പ്പെടെ സമീപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രതികരണം.

ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ നടിയുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പരാതി ഉണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ പീഡന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കുകയായിരുന്നു.

സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച അതിജീവിത ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നുണ്ട്. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും അതിജീവിത കത്തില്‍ പറഞ്ഞു.

കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറി. അടിയന്തര നടപടി ആവശ്യപ്പെട്ടാണ് കത്ത്. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും അതിജീവിത വ്യക്തമാക്കി.

എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കോടതിയിലേക്ക് ദൃശ്യങ്ങളെത്തിച്ച സമയത്തിന് മുമ്പ് വീഡിയോ ഫയലില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ സംഭവിച്ചതായും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതായും നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്ന വിവരം കണ്ടെത്തിയത്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നടന്‍ ദിലീപും മറ്റ് പ്രതികളും ആലുവ കോടതിയില്‍ ഹാജരായിരുന്നു. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവര്‍ക്കൊപ്പമാണ് ദിലീപ് ആലുവ കോടതിയില്‍ ഹാജരായത്.

കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ക്രൈം ബ്രാഞ്ചിന് അറസ്റ്റ് രേഖപ്പെടുത്താം. ഈ സാഹചര്യം ഒഴിവാക്കാനാണ് ദിലീപും കൂട്ടുപ്രതികളും കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവില്‍ പറയുന്ന ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് പേരുടെ ആള്‍ ജാമ്യവും ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കേണ്ടത്. ഇതിനായാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികള്‍ നേരിട്ട് ഹാജരായത്.

ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പ്രതികള്‍ കോടതിയില്‍ പാസ്പോര്‍ട്ട് കെട്ടിവെച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ് പി. ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഉപാധി ലംഘിച്ചാല്‍ അറസ്റ്റിന് അപേക്ഷിക്കാമെന്നും കോടതി പറഞ്ഞിരുന്നു.


Content Highlights: Survivor’s complaint that torture scenes were leaked has not been heeded: Pinarayi Vijayan