| Monday, 26th December 2022, 8:13 am

നെഗറ്റീവ് കമന്റ് ഇടുന്നവര്‍ക്ക് എന്റെ യാത്രയെന്താണെന്ന് അറിയില്ല, അവര്‍ക്ക് അതില്‍ നിന്നും എന്തെങ്കിലും സന്തോഷം കിട്ടുകയാണെങ്കില്‍ കിട്ടട്ടെ: അതിജീവിത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഞ്ചു വര്‍ഷത്തെ യാത്രക്കിടയില്‍ അനുഭവിച്ച സൈബര്‍ ആക്രമണങ്ങളെ പറ്റി തുറന്നുപറഞ്ഞ് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി. സ്‌ക്രീനില്‍ കണ്ട പരിചയം വെച്ചാണ് മുന്‍വിധിയോടെ പലരും കമന്റ് ചെയ്യുന്നതെന്നും മറഞ്ഞുനിന്ന് എന്തും പറയാമെന്ന സ്ഥിതിയാണെന്നും അതിജീവിത പറഞ്ഞു. നെഗറ്റീവ് കമന്റിടുന്നവരെ തേടിപ്പിടിച്ച് പോയി നന്നാക്കാനാവില്ലെന്നും അവര്‍ക്ക് അതില്‍ നിന്നും എന്തെങ്കിലും സന്തോഷം കിട്ടുകയാണെങ്കില്‍ കിട്ടട്ടെയെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.

‘ഇവര്‍ക്കൊന്നും എന്നെ അറിയുകപോലുമില്ല. സ്‌ക്രീനില്‍ കാണുന്ന പരിചയമേയുള്ളൂ. ആ പരിചയം വെച്ചിട്ടാണ് വളരെ ജഡ്ജ്‌മെന്റലായി കമന്റ് ചെയ്യുന്നത്. അവര്‍ക്ക് ഞാന്‍ ആരാണെന്നറിയില്ല, എന്റെ യാത്ര എങ്ങനെയായിരുന്നു എന്ന് അറിയില്ല. മറഞ്ഞുനിന്ന് എന്തും പറയാമെന്നാണ്. മിക്കവാറും ഫേക്ക് അക്കൗണ്ടില്‍ നിന്നാണ് കമന്റുകള്‍ വരാറുള്ളത്. എന്തിനാണ് ജീവിതത്തില്‍ ഒരാള്‍ ഇത്ര നെഗറ്റീവായതെന്ന് തോന്നും. പിന്നെ ഇവരെയൊക്കെ കണ്ടുപിടിച്ച് പോയി നന്നാക്കാന്‍ പറ്റില്ലല്ലോ. അവര്‍ക്ക് അങ്ങനെ ഒരു സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ കിട്ടിക്കോട്ടെയെന്ന് വിചാരിച്ചു. എന്റെ അഞ്ച് വര്‍ഷത്തെ യാത്രക്കിടയില്‍ ഞാന്‍ പലപ്പോഴും ഫേസ് ചെയ്തിട്ടുള്ള കാര്യമാണ്.

തെറ്റ് ചെയ്തവരാണ് മറഞ്ഞിരിക്കേണ്ടത്. അത് ഞാന്‍ ഒരു പ്രാവശ്യം പറഞ്ഞു. അത് പറയാന്‍ എന്നെക്കൊണ്ട് പറ്റും. എല്ലാവരുടെയും മാനസികാവസ്ഥ എന്താണെന്ന് നമുക്ക് പറയാന്‍ പറ്റില്ല. എല്ലാവരും അങ്ങനെ പറഞ്ഞു എന്ന് കരുതി മാറി ചിന്തിക്കണമെന്നുമില്ല. അത് ഓരോരുത്തരുടെ മാനസിക അവസ്ഥയാണ്. ചിലരെക്കൊണ്ട് അത് ഫേസ് ചെയ്യാന്‍ പറ്റുന്നു. ചിലര്‍ മിണ്ടാതിരിക്കുന്നു,’ അതിജീവിത പറഞ്ഞു.

അതേസമയം നവംബര്‍ 10ന് കേസിന്റെ വിചാരണ തുടങ്ങിയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളി വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ആദ്യ കുറ്റപത്രത്തില്‍ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടരന്വേഷണത്തില്‍ ദിലീപിനെതിരെ ഒരു കുറ്റംകൂടി ചുമത്തിയിരുന്നു, ഹൈക്കോടതി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതാണ് കുറ്റം.

മുംബൈയിലെ ലാബിലും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച് പള്‍സര്‍ സുനിയും കൂട്ടാളികളും പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്റെ സുഹൃത്ത് ആയ ശരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. തുടരന്വേഷണത്തില്‍ ശരത്തിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്. നടിയുടെ ദൃശ്യങ്ങള്‍ ഐ പാഡില്‍ ആക്കി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത് ആണെന്നും ഈ ദൃശ്യം കാണാന്‍ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Content Highlight: survivor opened up about the cyber attacks she experienced during her five-year journey

We use cookies to give you the best possible experience. Learn more