| Sunday, 19th June 2022, 6:18 pm

എന്താണ് റേപ്പ്, ഏതെല്ലാമാണ് റേപ്പ് എന്ന് ഇര തന്നെ പഠിപ്പിച്ചുകൊടുക്കേണ്ട അവസ്ഥയാണ്: വിജയ് ബാബു കേസിലെ അതിജീവിത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എന്താണ് റേപ്പ്, ഏതെല്ലാമാണ് റേപ്പെന്ന് ഇര തന്നെ പഠിപ്പിച്ചുകൊടുക്കേണ്ട അവസ്ഥയാണുള്ളതെന്ന് വിജയ് ബാബുവിനെതിരായ പീഡന കേസിലെ അതിജീവിത. വിജയ് ബാബു കേസിനോടനുബന്ധിച്ച ഐ.സിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാത്ത അമ്മ സംഘടനയില്‍ നിന്നും രാജി വെച്ച കുക്കു പരമേശ്വരന്‍ മാലാ പാര്‍വതി, ശ്വേത മേനോന്‍ എന്നിവര്‍ അന്തസുള്ള സ്ത്രീകളാണെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

‘എന്താണ് റേപ്പ്, ഏതെല്ലാമാണ് റേപ്പ് എന്ന് ഇര തന്നെ പഠിപ്പിച്ചുകൊടുക്കേണ്ട അവസ്ഥയാണ്. ഒരാള്‍ നോ എന്ന് പറഞ്ഞാല്‍ അത് നോ ആണ്. അതിനെ ബഹുമാനിക്കാനാണ് നമ്മുടെ സമൂഹം പഠിക്കേണ്ടത്. വിശ്വാസം നേടിയെടുക്കുക, വിവാഹം ചെയ്യുമെന്ന് പറയുക, നമ്മുടെ വള്‍ണറബിള്‍ ആയ അവസ്ഥയെയെല്ലാം മുതലെടുക്കുക, മയക്കി കിടത്തുക എന്നിവയെല്ലാം ഒരു വ്യക്തി ചെയ്തു എന്നതല്ലേ നമ്മള്‍ ചര്‍ച്ചയാക്കേണ്ടത്.

അവര്‍ അന്തസ്സുള്ള സ്ത്രീകളാണ്. ഇരയുടെ പേര് വെളിപ്പെടുത്തിയ ഒരാളെ പുറത്താക്കാതെ പകരം, വിജയ് ബാബു മാറി നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മണിയന്‍പിള്ള രാജുവിനെപ്പോലുള്ള ഒരാള്‍ പറയുന്നത് എന്തര്‍ഥത്തിലാണ്. പേര് വെളിപ്പെടുത്തി എന്ന് മാത്രമല്ല, വ്യാജമായ ആരോപണങ്ങളുന്നയിച്ചു, മീടൂ പോലുള്ള ചരിത്രപരമായ മുന്നേറ്റങ്ങളെ ഇകഴ്ത്തിക്കാണിച്ചു തുടങ്ങിയ ഒട്ടേറെ ക്രൈമുകളും അയാള്‍ ചെയ്തു,’ അതിജീവിത പറഞ്ഞു.

പരാതി നല്‍കിയതിന് പിന്നാലെ വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ വലിയ തരത്തിലുള്ള സൈബര്‍ അറ്റാക്കാണ് നടന്നത്. ഏതെങ്കിലും ഒരു ഘട്ടത്തില്‍ ജനം പേര് തിരിച്ചറിയാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകര്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ വിജയ് ബാബു പേര് പറഞ്ഞ് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യചെയ്യുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്നും ഈ അഭിമുഖത്തില്‍ അതിജീവിത പറഞ്ഞിരുന്നു.

Content Highlight: Survivor of the sexual harassment case against Vijay Babu says that it is the plight of  victim to teach what is rape

We use cookies to give you the best possible experience. Learn more