|

സിനിമ പോയാലും കുഴപ്പമില്ല, ചൂഷണം ചെയ്ത ഒരാളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്നാണ് എന്റെ തീരുമാനം: വിജയ് ബാബു കേസിലെ അതിജീവിത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ പോയാലും തന്നെ ചൂഷണം ചെയ്ത ഒരാളെ നിയമത്തിന് മുമ്പിലേക്ക് കൊണ്ടുവരുക എന്നതാണ് തന്റെ തീരുമാനമെന്ന് വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന കേസിലെ അതിജീവിത. ചുറ്റിലുമുള്ളവര്‍ എന്ത് വിചാരിക്കുന്നു എന്നതായിരുന്നില്ല തന്റെ പ്രശ്‌നമെന്നും തന്നെ കുറിച്ച് താന്‍ എന്ത് ചിന്തിക്കുന്നു എന്നതിനാണ് കൂടുതലും വിലകല്‍പിക്കുന്നതെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അതിജീവിത പറഞ്ഞു.

‘എന്നെ ശാരീരികമായും മാനസികമായും ലൈംഗികമായും ഉപദ്രവിച്ച ഒരാള്‍, സുഖസുന്ദരമായി ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ ജീവിക്കുന്നത് ആത്മാഭിമാനമുള്ള ഒരു സ്ത്രീക്ക് കണ്ടുനില്‍ക്കാന്‍ കഴിയുമോ? പരാതിയില്‍നിന്ന് ആരും എന്നെ പിന്തിരിപ്പിക്കരുത് എന്നത് കൊണ്ടാണ് വീട്ടുകാരോട് പോലും പറയാതെ പരാതി കൊടുക്കാന്‍ ഞാന്‍ ഒറ്റയ്ക്കു തീരുമാനിക്കുന്നത്. വക്കീലിനെ കണ്ടപ്പോള്‍ പല റിസ്‌കുകളും എന്നെ പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു. എനിക്ക് സിനിമ പോയാലും കുഴപ്പമില്ല, എന്നെ ചൂഷണം ചെയ്ത ഒരാളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്നതായിരുന്നു എന്റെ തീരുമാനം.

ഒരു പൈസയ്ക്കും ഓഫറിനും ഞാന്‍ ചൂഷണം ചെയ്യപ്പെട്ടെന്ന വാസ്തവം ഇല്ലാതാക്കാന്‍ പറ്റില്ല. പരാതി കൊടുക്കണമെന്ന തീര്‍ച്ച എന്റേത് മാത്രമാണ്. ഏത് പ്രത്യാഘാതവും നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. എന്റെ ചുറ്റിലുമുള്ളവര്‍ എന്ത് വിചാരിക്കുന്നു എന്നതായിരുന്നില്ല എന്റെ പ്രശ്‌നം. എന്നെ കുറിച്ച് ഞാന്‍ എന്ത് ചിന്തിക്കുന്നു എന്നതിനാണ് ഞാന്‍ കൂടുതലും വിലകല്‍പിക്കുന്നത്. അതാണ് പരാതിയിലേക്ക് നയിച്ചത്.

എന്നെ മാത്രമല്ല, സിനിമയെ തന്നെ ദുരുപയോഗം ചെയ്ത ഒരാള്‍ക്കെതിരേയാണ് ഞാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. അയാള്‍ക്ക് പണവും സ്വാധീനവും ഉള്ളതിനാല്‍ ആരോടും എന്തും ചെയ്യാമെന്ന മനോഭാവം ഇല്ലതാവണം എന്നെനിക്കുണ്ടായിരുന്നു. ഇയാളില്‍നിന്ന് പലവിധ പീഡനങ്ങള്‍ നേരിട്ട ഞാന്‍ ഈ ബന്ധത്തില്‍നിന്ന് അകലാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, നീ ഇനി സിനിമാ മേഖലയില്‍ നിലനില്‍ക്കില്ല, നീ അനുഭവിക്കും, വിജയ് ബാബു ആരാണെന്ന് നിനക്കറിയില്ല എന്ന തരത്തിലുള്ള പലവിധ ഭീഷണികളുമായി അയാള്‍ മുന്നോട്ടു വരികയായിരുന്നു. ആ ഭീഷണിയാണ് പരാതി കൊടുക്കാനുള്ള തീരുമാനത്തിലേക്ക് എന്നെ കൂടുതലും അടുപ്പിച്ചത്.

ഞാന്‍ പരാതി കൊടുക്കുന്നതിനു മുമ്പ് പരാതിയുമായി മുന്നോട്ടു പോവരുതെന്ന് പല തവണ വിജയ് ബാബു കെഞ്ചിയിട്ടുണ്ട്. ഞാനെന്ത് ഡീലിനും റെഡിയാണ്, നീ എന്നോടു പറ എന്നും അയാള്‍ പറഞ്ഞിരുന്നു. എന്റെ ആരോപണം വ്യാജമായിരുന്നെങ്കില്‍ ഈ ഡീലിന് നിന്നു കൊടുക്കുന്നതല്ലായിരുന്നോ ഏറ്റവും സൗകര്യമുള്ള കാര്യം? നീ എന്നോട് ചെയ്തതിന് നീ അര്‍ഹിക്കുന്നത് നിനക്ക് ലഭിക്കും എന്ന് പറഞ്ഞാണ് ആ വാട്സാപ്പ് സംഭാഷണം ഞാന്‍ അവസാനിപ്പിക്കുന്നത്.

ഞാന്‍ ഇയാളില്‍നിന്ന് കാശ് വാങ്ങിച്ചെന്നും കാശ് ചോദിച്ചെന്നുമാണ് ഇയാള്‍ പരാതി പറയുന്നത്. അങ്ങനെ ഞാന്‍ കാശ് ചോദിച്ചതിന്റെയോ മറ്റോ എന്തെങ്കിലും സ്‌ക്രീന്‍ ഷോട്ടുണ്ടെങ്കില്‍ ഞാന്‍ സമ്മതിച്ചു തരാം. പൈസവാങ്ങി എന്ന ആരോപണം അയാള്‍ ഉന്നയിക്കുന്നുണ്ട്. പൈസ വാങ്ങി സുഖമായി ജീവിക്കാമായിരുന്നു എനിക്ക്. ഞാനാ പാതയല്ല തെരഞ്ഞെടുത്തത്. ആ തീരുമാനത്തിനാണ് ഈ കല്ലേറുകളെല്ലാം വാങ്ങുന്നത്,’ അതിജീവിത പറഞ്ഞു.

Content Highlight: Survivor of the sexual harassment case against Vijay Babu said that her decision was to bring to justice someone who had exploited her

Video Stories