കൊച്ചി: നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞില്ലായിരുന്നെങ്കിൽ ജീവിതം എന്താകുമായിരുന്നു എന്ന് ചിന്തിക്കാറുണ്ടെന്ന് അതിജീവിത. ഒരുപക്ഷേ ആക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞില്ലായിരുന്നെങ്കിൽ ദൃശ്യങ്ങൾ പുറത്തുവരുമോയെന്ന് ഭയന്ന് ജീവിക്കേണ്ടി വരുമായിരുന്നുവെന്നും അതിജീവിത പറഞ്ഞു.
റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അതിജീവിതയുടെ പരാമർശം.
“ആക്രമിക്കപ്പെട്ട വിവരം പുറത്തു പറഞ്ഞില്ലെങ്കിൽ ലൈഫ് എന്താകുമെന്ന് ആലോചിക്കാറുണ്ട്. ഒരുപക്ഷേ ഈ വീഡിയോ പുറത്തുവരുന്നത് ഭയന്ന് ജീവിക്കേണ്ടി വരുമോ, ആക്രമിക്കപ്പെട്ട പെൺകുട്ടിയോട് നിങ്ങൾ ഇത് എല്ലാവരോടും തുറന്നുപറയണം എന്ന് പറയുന്നതിൽ അർത്ഥമില്ല. ആ സമയത്ത് അവളുടെ മാനസികാവസ്ഥ എന്താണോ അതിനനുസരിച്ചേ പെരുമാറാൻ സാധിക്കൂ,” അതിജീവിത പറഞ്ഞു.
മുഖ്യമന്ത്രിയുമായി അതിജീവിത ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ ആത്മവിശ്വാസം നൽകുന്നതാണെന്നും, കൂടെയുണ്ടാകുമെന്ന് ഉറപ്പു നൽകിയതായും അതിജീവിത വ്യക്തമാക്കി.
വെളിപ്പെടുത്തലിന് പിന്നാലെ ഓരോ ദിവസവും ഓരോ പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്. എങ്ങനെ അതിജീവിച്ചു എന്ന് ചോദിച്ചാൽ ഉത്തരമില്ലെന്നും അതിജീവിത പറഞ്ഞു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ എന്നും കടപ്പാടുണ്ടായിരിക്കും. കേസ് നടന്ന് അഞ്ചുവർഷക്കാലം കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുപറയാൻ പാടില്ലെന്ന് നിയമമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം പുറത്തുവരുന്നത് വലിയ ആശ്വാസമായാണ് തോന്നുന്നത്,
വിഷയത്തിൽ സമൂഹം നൽകുന്ന പിന്തുണ വളരെ വലുതാണ്. സമൂഹമാധ്യമങ്ങളിൽ നിന്നും നേരിടുന്ന ആക്രമണങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. പരിചയമില്ലാത്ത ഒരാൾ നമ്മളെക്കുറിച്ച് എന്ത് പറഞ്ഞാലും അത് ശ്രദ്ധിക്കുന്നില്ലെന്നും വ്യക്തിപരമായി പരിചയമുള്ളവരുടെ വാക്കുകളാണ് വേദനിപ്പിക്കുന്നതെന്നും അതിജീവിത പറഞ്ഞു.
Content Highlight: Survivor in Actress assault case responds to malayalam channel