വിജയ് ബാബു ഇപ്പോഴും കരിയര്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു, റോളിന് വേണ്ടി കെഞ്ചിയിട്ടില്ല: അതിജീവിത
Movie Day
വിജയ് ബാബു ഇപ്പോഴും കരിയര്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു, റോളിന് വേണ്ടി കെഞ്ചിയിട്ടില്ല: അതിജീവിത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th March 2023, 9:00 am

വിജയ് ബാബു ഇപ്പോഴും തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അതിജീവത. തനിക്ക് ഡിപ്രഷന്‍ ഇല്ലായിരുന്നുവെന്നും വിജയ് ബാബുവിനുണ്ടെന്നും കാര്യങ്ങളെ അയാള്‍ മാറ്റിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അതിജീവിത പറഞ്ഞു. റോളിന് വേണ്ടി കൂടെ കിടക്കുന്ന ആളല്ല താനെന്നും കഠിനാധ്വാനം ചെയ്താണ് ഈ നില വരെയെത്തിയതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്‌റ്റോറിയില്‍ അവര്‍ പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷം വിജയ് ബാബു ലൈവില്‍ വന്ന് നിങ്ങളെയെല്ലാവരേയും തെറ്റിദ്ധരിപ്പിച്ചു. എനിക്ക് ഡിപ്രഷന്‍ ഇല്ലായിരുന്നു. അത്തരത്തിലുള്ള രോഗ നിര്‍ണയം പോലും നടത്തിയിരുന്നില്ല. എന്നാല്‍ അയാള്‍ക്ക് അതുണ്ടായിരുന്നു. കാര്യങ്ങളെ ഇഷ്ടത്തിനനുസരിച്ച് അയാള്‍ മാറ്റും.

ഹോമിലെ റോളിന് വേണ്ടി ഞാന്‍ കെഞ്ചിയിരുന്നില്ല. ഞാന്‍ അഭിനയിച്ച വെബ് സീരിസുകളിലൊന്നിലെ പ്രകടനം കണ്ടാണ് അയാള്‍ എന്നെ വിളിക്കുന്നത്. ഓഡിഷന് ശേഷമാണ് എന്നെ തെരഞ്ഞെടുക്കുന്നത്. റോളുകള്‍ക്ക് വേണ്ടി കൂടെ കിടക്കുന്ന ഒരാളല്ല ഞാന്‍. ഞാന്‍ സ്വപ്നം കണ്ട ഈ സ്ഥലത്തേക്ക് എത്തിച്ചേരാന്‍ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു കുറിപ്പെന്ന് നിങ്ങള്‍ക്ക് അറിയാമോ? അയാള്‍ ഇപ്പോഴും ഞാന്‍ സ്വപ്‌നം കണ്ട എന്റെ കരിയര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്,’ അതിജീവിത കുറിച്ചു.

ഒരു അതിജീവിതക്ക് ആളുകളോട് അടിസ്ഥാനപരമായ ബഹുമാനവും ദയയും കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കേണ്ടി വരുന്നത് വേദനിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

‘അയാള്‍ ഒരുപാട് സ്ത്രീകളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. എന്റെ കയ്യില്‍ തെളിവുണ്ട്. അയാള്‍ അവരെ നിശബ്ദരാക്കി. ശക്തനാണെന്നാണ് അയാള്‍ വിചാരിക്കുന്നത്. എന്നാല്‍ എനിക്ക് അയാള്‍ ഒന്നുമല്ല. ഞാന്‍ ഒരു അഭിനേത്രിയാണ്, അടിമയല്ല. നിര്‍മാതാവായതുകൊണ്ട് നിങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഒരാളെ ഉപയോഗിക്കാമെന്ന് കരുതണ്ട,’ അതിജീവിത കുറിച്ചു.

Content Highlight: Survivar says that Vijay Babu is still trying to destroy her career