|

ഏതെങ്കിലും ഒരു ഘട്ടത്തില്‍ പൊതുജനം പേര് തിരിച്ചറിയാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പു ലഭിച്ചിരുന്നു, എന്നാല്‍ വിജയ് ബാബു ലൈവില്‍ വന്ന് പേര് പറയുമെന്ന് കരുതിയില്ല: അതിജീവിത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ബാബുവിനെതിരെ കേസ് കൊടുത്തതിന് പിന്നാലെ കടുത്ത മാനസിക സമ്മര്‍ദമാണ് അനുഭവിക്കേണ്ടി വന്നതെന്ന് അതിജീവിത. പേര് പറഞ്ഞ് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യചെയ്യുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്ന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

‘നിങ്ങളാരും ഊഹിക്കുന്നതിനേക്കാള്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോയത്. ആ ലൈവ് പോയത് പോലും ഞാനറിഞ്ഞിട്ടുണ്ടായിരുന്നില്ല. എന്റെ ഇന്‍ബോക്സില്‍ വന്ന് വിജയ് ബാബു എന്നും വിജയ് ബാബുവിന്റെ കളിയെന്നും പറഞ്ഞുള്ള അനവധി നിരവധി അശ്ലീല വ്യക്തിഹത്യാ മെസ്സേജുകള്‍ കണ്ടപ്പോള്‍ ഞാനാദ്യം പകച്ചു. വെടി, വേശ്യ എന്ന് വരെ പലരും വിളിച്ചു. ഒരു സിനിമയുടെ ഷൂട്ടിലായിരുന്നു അപ്പോള്‍ ഞാന്‍. വാര്‍ത്തയിലൂടെ പേര് പുറത്ത് വന്നാലും അയാള്‍ എന്റെ പേര് പറഞ്ഞ് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് എന്നെ വ്യക്തിഹത്യചെയ്യുമെന്ന് ഞാനൊരിക്കല്‍ പോലും കരുതിയിരുന്നില്ല. അന്ന് ഞാന്‍ ഉറങ്ങിട്ടില്ല.

ആദ്യമെല്ലാം എന്റെ പേര് പുറത്തുപോയാലും അതെനിക്ക് കുഴപ്പമുള്ള കാര്യമല്ല എന്ന ആത്മധൈര്യത്തിലായിരുന്നു ഞാന്‍ നടന്നിരുന്നത്. പരാതി കൊടുക്കുന്നതിനു മുമ്പ് ഞാന്‍ എന്റെ അഭിഭാഷകയുടെ അടുത്ത് സംസാരിച്ചപ്പോള്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ പൊതുജനം പേര് തിരിച്ചറിയാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പു തന്നിരുന്നു.

പക്ഷെ, എന്ത് തിരിച്ചടികള്‍ നേരിട്ടാലും പരാതി കൊടുക്കണം എന്നു തന്നെയായിരുന്നു എന്റെ തീരുമാനം. കാരണം എന്നോട് തെറ്റ് ചെയ്ത ഒരാള്‍ക്കെതിരേയാണ് ഞാന്‍ പരാതി കൊടുത്തത്. ഇതില്‍ ഞാനല്ല തെറ്റുകാരി. ആ ഉത്തമബോധ്യമുള്ളതു കൊണ്ടാണ് പേര് പുറത്തു പോയാലും പ്രശ്നമില്ല എന്ന സമാശ്വാസത്തില്‍ ഞാനെത്തിയതും. മാത്രവുമല്ല, അയാള്‍ എന്നെ ഇതുപോലെ ചൂഷണം ചെയ്തിട്ടുണ്ടെങ്കില്‍ എത്ര സ്ത്രീകള്‍ ഇതുപോലെ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടാകാം എന്ന ചിന്തയാണ് എന്നെ അലട്ടിയത്.

എന്റെയത്ര ധൈര്യമില്ലാത്ത കുട്ടിയായിരുന്നു ഇയാളുടെ അടുത്ത് വന്നു പെട്ടതെങ്കില്‍ അവള്‍ ഉറപ്പായും ആത്മഹത്യ ചെയ്തേനേ. സിനിമയെ ആത്മാര്‍ഥമായി സ്നേഹിക്കുന്നവര്‍ക്കു കൂടി വേണ്ടിയാണ് എന്റെ പോരാട്ടം,’ അതിജീവിത പറഞ്ഞു.

Content Highlight: Survivar says she did not expect that Vijay Babu  would come live and say her name