മാളൂട്ടി മുതല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് വരെ... മലയാളത്തിലെ സര്‍വൈവല്‍ ത്രില്ലറുകള്‍
Entertainment
മാളൂട്ടി മുതല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് വരെ... മലയാളത്തിലെ സര്‍വൈവല്‍ ത്രില്ലറുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd February 2024, 7:54 pm

ലോകത്താകമാനം ആരാധകരുള്ള ഴോണറാണ് സര്‍വൈവല്‍ ത്രില്ലറുകള്‍. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചെയ്ത സിനിമയാണെങ്കില്‍ അതിന് സ്വീകാര്യത കൂടും. ദ റെവനന്റ് (The Revenent), 127 ഹവേഴ്‌സ് (127 Hours), കാസ്റ്റ് എവേ (Cast away) തുടങ്ങിയ ക്ലാസിക് സിനിമകള്‍ ഹോളിവുഡില്‍ ഉണ്ട്. എന്നാല്‍ മലയാളത്തില്‍ ഈ ഴോണറില്‍ വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമേയുള്ളൂ. ഭരതന്‍ സംവിധാനം ചെയ്ത് 1990ല്‍ റിലീസായ മാളൂട്ടി എന്ന സിനിമയെ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത സര്‍വൈവല്‍ ത്രില്ലര്‍ എന്നു പറയാം. വി.എഫ്.എക്‌സ് ഒന്നും ഇല്ലാതിരുന്ന കാലത്ത് ഭരതന്‍ ചെയ്തുവെച്ച ആ സിനിമ ഇന്നും ക്ലാസിക് ഗണത്തില്‍ പെടുന്നതാണ്.

ഈ ഴോണറില്‍ അധികം സിനിമകള്‍ പിന്നീട് വന്നിട്ടില്ല. വന്ന സിനിമകളാകട്ടെ, പ്രേക്ഷകരുമായി കണക്ടാക്കുന്നതല്‍ പരാജയപ്പെടുകയും ചെയ്തു. 2018ല്‍ മോഹന്‍ലാല്‍ നായകനായെത്തിയ സിനിമയായിരുന്നു നീരാളി. നവാഗതനായ അജയ് വര്‍മ സംവിധാനം ചെയ്ത സിനിമ, പ്രേക്ഷകരുമായി കണക്ടാകാത്ത കാരണം പരാജയമേറ്റു വാങ്ങേണ്ടി വന്നു.

അടുത്ത വര്‍ഷം ഇതേ ഴോണറില്‍ എത്തിയ മറ്റൊരു സിനിമയായിരുന്നു ഹെലന്‍. നവാഗതനായ അരുണ്‍ മാത്തുക്കുട്ടി സംവിധാനം ചെയ്ത സിനിമ, ഹെലന്‍ എന്ന പെണ്‍കുട്ടി ഫ്രീസറില്‍ കുടുങ്ങിപ്പോകുന്നതും അതില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെയും കഥയാണ് പറഞ്ഞത്. അന്നാ ബെന്‍ എന്ന നടിയുടെ മികച്ച പ്രകടനമായിരുന്നു സിനിമയില്‍ കാണാന്‍ സാധിച്ചത്. ബോക്‌സ് ഓഫീസിലും വിജയിക്കാന്‍ സിനിമക്ക് സാധിച്ചു.

28 വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍ റഹ്‌മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു മലയന്‍കുഞ്ഞ്. ഫഹദ് ഫാസില്‍ നായകനായ ചിത്രം സംവിധാനം ചെയ്തത് സജിമോനായിരുന്നു. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങുകയും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്ന യുവാവിന്റെ കഥ പറഞ്ഞ സിനിമ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച രീതിയില്‍ വിജയിച്ചില്ല.

 

2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സാണ് ഈ ഴോണറിലെ അവസാന എന്‍ട്രി. മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയ യുവാക്കളുടെ സംഘം അവിടുത്തെ ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ ഒന്നായ ഗുണാ കേവ് സന്ദര്‍ശിക്കുകയും അതിനുള്ളിലേക്ക ഇറങ്ങുന്ന സമയത്ത് കൂട്ടത്തില്‍ ഒരാള്‍ കുഴിയില്‍ പെട്ടുപോലുകയും ചെയ്തത് വാര്‍ത്തയായിരുന്നു. ഈ സംഭവമാണ് ചിദംബരം സിനിമയാക്കിയിരിക്കുന്നത്.

എന്റര്‍ടൈന്മെന്റ് മൂഡില്‍ തുടങ്ങി ഇന്റര്‍വെലിനോടടുക്കുമ്പോള്‍ ചിത്രം വേറൊരു മൂഡിലേക്ക് മാറുന്നുണ്ട്. രണ്ടാം പകുതിയിലെ സീനുകള്‍ മുഴുവന്‍ പ്രേകഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ളവയായിരുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതം സിനിമയെ മറ്റൊരു തലത്തില്‍ എത്തിച്ചു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ജീന്‍ പോള്‍ ലാല്‍ എന്നിവരുടെ ഗംഭീര പ്രകടനമാണ് സിനിമയില്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ചിത്രത്തിനെ മറ്റൊരു തലത്തിലെത്തിച്ചു. ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

അധികം എക്‌സ്‌പ്ലോര്‍ ചെയ്യപ്പെടാത്ത ഇത്തരം ഴോണറുകളില്‍ ഇനിയും നല്ല സിനിമകള്‍ വരട്ടെ.

Content Highlight: Survival Thrillers in malayalam cinema